‘സമരം നീണ്ടാല്‍ ഞാനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും’;ഐക്യദാര്‍ഢ്യവുമായി നടന് പ്രകാശ് രാജ്
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സമരം നടത്തുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടന് പ്രകാശ് രാജ്. സമരം നീണ്ടാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കുമെന്ന് പ്രകാശ് രാജ് പറഞ്ഞു. ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് സര്‍ക്കാരും മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു. രാവിലെ പതിനൊന്നുമണിയോടെയാണ് പ്രകാശ് രാജ് സമരപ്പന്തലില്‍ എത്തിയത്
എന്തിനാണ് ഇവരെ കൊണ്ട് മാപ്പുപറയിക്കുന്നതെന്ന് പ്രകാശ് രാജ് ചോദിച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ഥികളോട് മറുപടി പറയുകയാണ് വേണ്ടത്. അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല വേണ്ടത്. ഉന്നത വിദ്യഭ്യാസമന്ത്രി സ്വന്തം നിലവാരം കാക്കണമെന്നും സര്‍ഗവാസന ഇല്ലാത്തയാളാണ് കാലടി വിസിയെന്നും പ്രകാശ് രാജ് പറഞ്ഞു
വിദ്യാര്‍ഥികളോട് കാര്യങ്ങള്‍ അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. സസ്പെന്‍ഷനിലായ പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അര്‍ച്ചന എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്. നവംബര്‍ രണ്ടിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം 12 വിദ്യാര്‍ഥികളെ മാപ്പെഴുതി നല്കിയാല് തിരിച്ചെടുക്കാമെന്നും നാലുപേരുടെ സസ്പെന്ഷന് രണ്ടുമാസംകൂടി നീട്ടാമെന്നുമാണ് തീരുമാനിച്ചത്. എന്നാല്‍ ചെയ്യാത്ത തെറ്റിന് മാപ്പുപറയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
