Latestകേരളം

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനേയും ടിവി രാജേഷിനേയും വെറുതെ വിട്ട് കോടതി

കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ പി ജയരാജനെയും ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടു. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. പതിനാലുവര്‍ഷത്തിനുശേഷമാണ് വിധി.

കേസില്‍ പി ജയരാജന്‍ 32ാം പ്രതിയും ടിവി രാജേഷ് 33ാം പ്രതിയുമായിരുന്നു. ഷുക്കൂറിന്റെ മാതാവ് പിസി ആത്തിക്കയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ വച്ച് പി.ജയരാജനും ടിവി രാജേഷും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.