പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ; അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി,ഉത്തരവ് പുറത്തിറക്കി
പത്തനംതിട്ട: ശബരിമല തീർഥാടകർ പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ കർശന നടപടിയുമായി അധികൃതർ. ഇനി പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ നൽകേണ്ടിവരും. പിഴ അടയ്ക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടിയും സ്വീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ശബരിമല എഡിഎം പുറത്തിറക്കി.
മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിച്ചതുമുതൽ പമ്പയുടെ ശുചിത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നടപടികൾ ആലോചിച്ചിരുന്നു. കഴിഞ്ഞ തീർഥാടനകാലത്ത് പമ്പയിൽനിന്ന് ടൺ കണക്കിന് വസ്ത്ര മാലിന്യങ്ങളാണ് നീക്കം ചെയ്യേണ്ടിവന്നത്. ഇവ നീക്കം ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽത്തന്നെ നദിയും പരിസരവും വീണ്ടും മാലിന്യങ്ങളാൽ നിറയുന്ന സാഹചര്യമുണ്ടായി.
വസ്ത്രങ്ങൾ പമ്പയിൽ ഉപേക്ഷിക്കരുതെന്ന് വിവിധയിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചും ബോധവത്കരണം നടത്തിയും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ നിരവധി അയ്യപ്പന്മാർ വസ്ത്രങ്ങൾ പമ്പയിൽ ഉപേക്ഷിക്കുന്നത് തുടരുകയാണ്. തുണിമാലിന്യങ്ങൾ കുന്നുകൂടുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയും നേരത്തേ നിർദേശിച്ചിരുന്നു.
പമ്പയിൽ 50 മീറ്റർ ഇടവിട്ട് വസ്ത്രങ്ങൾ നിക്ഷേപിക്കുന്നതിനായി വാട്ടർപ്രൂഫ് ബിന്നുകൾ സ്ഥാപിക്കുക, നിരീക്ഷണത്തിനായി സിസിടിവി ക്യാമറകൾ ഒരുക്കുക തുടങ്ങിയ നിർദേശങ്ങളും നേരത്തേ ഉയർന്നുവന്നിരുന്നു. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും തന്ത്രിയും വ്യക്തമാക്കിയിട്ടുമുണ്ട്. നദിയിലെ തുണിമാലിന്യം കുറയ്ക്കുകയും പമ്പയുടെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് പുതിയ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്
