പ്രിയദര്‍ശിനിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്കുന്ന പ്രിയദര്‍ശിനി പദ്ധതിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള കാലയളവില്‍ 2,08,58,236 സ്ത്രീ യാത്രക്കാരാണ് സൗജന്യ യാത്ര നടത്തിയത്. നവംബര്‍ 16നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ പദ്ധതി ആരംഭിച്ച ശേഷം കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അനുവദിച്ച ആകെ തുക 342.95 കോടി രൂപയായി ഉയര്‍ന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള കാലയളവില്‍ പദ്ധതി നടപ്പാക്കിയതുമൂലം കെഎസ്ആര്‍ടിസിക്കുണ്ടായ വരുമാന നഷ്ടം നികത്തുന്നതിനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ സൗജന്യ യാത്രയുടെ ചെലവിനായി മാത്രം 88.23 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സെപ്റ്റംബറില്‍ മാത്രം 4.16 കോടി സൗജന്യ യാത്രകള്‍ പ്രിയദര്‍ശിനിയില്‍ നടന്നു. ആഗസ്റ്റിനെ അപേക്ഷിച്ച് 44.28 ലക്ഷം യാത്രകളുടെ വര്‍ധനയുണ്ടായി. 2026 ജൂണ്‍ 15നാണ് പ്രിയദര്‍ശിനി പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. സ്ത്രീകളുടെ യാത്രാ ചെലവ് കുറയ്ക്കാനും അവരുടെ സാമ്പത്തിക സുരക്ഷയ്ക്ക് പിന്തുണ നല്‍കാനും പദ്ധതി വലിയ ആശ്വാസമായി മാറുകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. സൗജന്യ യാത്രയിലൂടെ കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന വരുമാനക്കുറവ് സര്‍ക്കാര്‍ നികത്തുന്നതിനാല്‍, ഈ ആനുകൂല്യത്തിന്റെ സാമ്പത്തിക ബാധ്യത യാത്രക്കാരുടെ മേല്‍ വരില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
