Latestകേരളം

വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി (വൺ ടൈം സെറ്റിൽമെന്റ്) മോട്ടോർ വാഹന വകുപ്പ്. 2026 മാർച്ച് 31-ൽ നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ഇതിനായി അപേക്ഷിക്കാം.

നിബന്ധനകൾ ഇങ്ങനെ👇

നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങൾ: 2026 മാർച്ച് 31-ന് അവസാനിച്ച നാല് വർഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉൾപ്പെടെ) 40% മാത്രം അടച്ചാൽ മതി.

ട്രാൻസ്പോർട്ട് വാഹനങ്ങൾ: 2026 മാർച്ച് 31-ന് അവസാനിച്ച നാല് വർഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉൾപ്പെടെ) 30% അടച്ചാൽ മതി.

പ്രത്യേക ഇളവുകൾ: ഗ്രീൻ ടാക്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിൽ നിന്ന് പൂർണ്ണ ഇളവ് ലഭിക്കും.

റവന്യൂ റിക്കവറി ഒഴിവാക്കാം: റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് നിശ്ചിത കുടിശ്ശിക തുകയോടൊപ്പം കളക്ഷൻ ചാർജുകൾ കൂടി അടച്ച് നടപടികൾ അവസാനിപ്പിക്കാം.

നശിച്ചുപോയ വാഹനങ്ങൾക്ക് നികുതി ആശ്വാസം: മോഷ്ടിക്കപ്പെട്ടതോ, പൊളിച്ചു വിറ്റതോ, പൂർണ്ണമായി നശിച്ചതോ, ഉപയോഗശൂന്യമായതോ ആയ വാഹനങ്ങൾക്ക് രേഖകൾ സഹിതം അപേക്ഷിച്ചാൽ പരിശോധനയ്ക്ക് ശേഷം ഭാവിയിലെ നികുതി ബാധ്യത ഒഴിവാക്കി നൽകും.

കർശന വ്യവസ്ഥകൾ: ഇത്തരമൊരു നികുതി ഇളവ് ഇനി ഭാവിയിൽ ലഭിക്കുന്നതല്ല. പദ്ധതി പ്രയോജനപ്പെടുത്തുന്നവർ തുടർന്ന് കൃത്യമായി നികുതി അടയ്ക്കണം. വീണ്ടും കുടിശ്ശിക വരുത്തിയാൽ ഭാവിയിൽ ഇളവുകൾ ലഭിക്കില്ല. ഉപയോഗശൂന്യമായതോ മോഷ്ടിക്കപ്പെട്ടതോ പൊളിച്ചു വിറ്റതോ ആയ കാരണത്താൽ നികുതി ബാധ്യത ഒഴിവാക്കി ഇളവ് നേടിയ വാഹനം പിന്നീട് നിരത്തിലിറക്കിയാൽ 2026 ഏപ്രിൽ 1 മുതലുള്ള മുഴുവൻ നികുതിയും പിഴയും പലിശയും സഹിതം അടയ്ക്കേണ്ടി വരും.

അവസാന തീയതി: 2027 മാർച്ച് 31.