ശബരിമലയിൽ തീർത്ഥാടകരുടെ വൻ കുറവ്
പത്തനംതിട്ട: ശബരിമലയിൽ മുൻവർഷങ്ങളിലേതുപോലെ തീർത്ഥാടകർ എത്താത്തതിന്റെ കാരണം കണ്ടെത്താനാകാതെ ദേവസ്വം ബോർഡും പൊലീസും. വെർച്വൽ ക്യൂ സ്ലോട്ടുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടിട്ടും തീർത്ഥാടകർ എത്താത്ത സംഭവത്തിൽ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നത്. ഇന്നലെ (ബുധനാഴ്ച) മാത്രം വെർച്വൽ ക്യൂ ബുക്ക് ചെയ്ത 23,000 പേരാണ് ദർശനത്തിന് എത്താതിരുന്നത്. ആകെ 59,601 പേരാണ് ഇന്നലെ പമ്പ വഴി ദർശനത്തിനെത്തിയത്; ഇതിൽ വെർച്വൽ ക്യൂ വഴി എത്തിയത് 47,000-ത്തോളം പേർ മാത്രമാണ്.
സംഭവത്തിൽ പൊലീസ്, വിജിലൻസ്, ദേവസ്വം വിജിലൻസ്, സൈബർ പൊലീസ് സംഘങ്ങൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തീർത്ഥാടനത്തിന്റെ തുടക്കത്തിൽ തന്നെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത 50 ലക്ഷത്തിലേറെ ആളുകളുടെ വിവരങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിനായി വെർച്വൽ ക്യൂ ബുക്കിങ്ങിന് ദേവസ്വം ബോർഡിനെ സഹായിക്കുന്ന ടാറ്റാ കൺസൾട്ടൻസി സർവീസസിൽ നിന്ന് പമ്പ പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്
