Latestദേശീയം

പാകിസ്ഥാൻ പരിപാടികൾ ഇന്ത്യയിൽ വേണ്ട; നെറ്റ്ഫ്ലിക്‌സിനോട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നെറ്റ്ഫ്ലിക്‌സിന് കേന്ദ്രസർക്കാർ നിർദേശം നൽകി. പാകിസ്ഥാനിൽ നിർമ്മിച്ച ‘ജോ ബച്ചേ ഹേൻ സംഗ് സമൈത് ലോ’ (Jo Bachay Hain Sang Samait Lo) എന്ന പരമ്പര ഇന്ത്യയിൽ റിലീസ് ചെയ്തേക്കാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി.

ഇന്ത്യയിൽ പാകിസ്ഥാൻ നിർമ്മിത ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2025 മെയ് 8-ന് പുറപ്പെടുവിച്ച നിർദ്ദേശം പാലിക്കണമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ലിക്‌സിനോട് നിർദ്ദേശിച്ചു. പാകിസ്ഥാനിൽ നിർമ്മിച്ച ഒരു സിനിമയോ പരമ്പരയോ ഇന്ത്യൻ വരിക്കാർക്കായി ലഭ്യമാക്കിയിട്ടില്ലെന്ന് ജൂണിൽ നെറ്റ്ഫ്ലിക്സ് നൽകിയ ഉറപ്പ് മന്ത്രാലയം ഓർമ്മിപ്പിച്ചു. ആ നിലപാട് തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

‘ജോ ബച്ചേ ഹേൻ സംഗ് സമൈത് ലോ’ എന്ന പരമ്പരയുടെ ട്രെയിലർ ചൊവ്വാഴ്ച പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ നടപടി. ഡിസംബർ 4-ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ഈ പരമ്പര ഇന്ത്യയിൽ ലഭ്യമാകുമോ, അതോ പാകിസ്ഥാനിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും മാത്രമായിരിക്കുമോ ലഭ്യമാവുക എന്നത് സംബന്ധിച്ച് നെറ്റ്ഫ്ലിക്സ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

പാകിസ്ഥാനെ ഒരു “ഭീകര രാഷ്ട്രം” എന്ന് വിശേഷിപ്പിച്ച സംഘടന, പാകിസ്ഥാൻ കലാകാരന്മാർക്ക് ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നതായി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാൻ കലാകാരന്മാർക്കും അവരുടെ ഉള്ളടക്കങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

2021-ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്​ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) ചട്ടങ്ങൾ പ്രകാരമുള്ള പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, ദേശീയ സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, പൊതുസമാധാനം എന്നിവയെ ബാധിച്ചേക്കാവുന്ന ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഈ ചട്ടം നിഷ്‌കർഷിക്കുന്നു.