Latestകേരളം

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തില്‍, ഗതാഗത നിയന്ത്രണം

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും. കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്ര സന്ദര്‍ശനം. തൃശൂരില്‍ വൈദ്യരത്‌നം ആയുര്‍വേന കോളജിന്റെ സുവര്‍ണജൂബിലി സമാപനം ഉദ്ഘാടനം. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം എന്നിവയാണ് ഇന്നത്തെ പരിപാടി.

രാവിലെ പതിനൊന്നിന് രാഷ്ട്രപതി കാലടി ജന്മഭൂമി ആദിശങ്കര ക്ഷേത്രത്തില്‍ എത്തും. ക്ഷേത്രദര്‍ശനത്തിന് ശേഷം 11.30 ന് തിരികെ പോകും. ക്ഷേത്രദര്‍ശനത്തിന് മാത്രമാണ് രാഷ്ട്രപതി കാലടിയില്‍ എത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാവിലെ മുതല്‍ വൈകീട്ട് നാലുവരെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ല.

സന്ദർശിക്കുന്നതിനോടനുബന്ധിച്ച് എറണാകുളം റൂറൽ പൊലീസ് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 9.30 മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വരിക. തൃശൂർ ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് പോകുന്ന ഭാരവാഹനങ്ങൾ ആലുവ വഴി യാത്ര ചെയ്യണം. പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾ അങ്കമാലിയിൽനിന്ന് കാലടി വഴി മരോട്ടിച്ചോട് ജംക്‌ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് മഞ്ഞപ്ര റോഡിലൂടെ പോകണം. പകരം, അങ്കമാലി ടി.ബി. ജംക്‌ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചന്ദ്രപുര, നടുവട്ടം, നീലേശ്വരം, മലയാറ്റൂർ, കോടനാട് പാലം വഴി പെരുമ്പാവൂരിലെത്താം.

മലയാറ്റൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മേക്കാലടി ജംക്‌ഷനിൽ വലത്തോട്ട് തിരിഞ്ഞ് കൈപ്പട്ടൂർ, ചന്ദ്രപുര വഴി അങ്കമാലിയിലെത്തണം.

പെരുമ്പാവൂർ ഭാഗത്തുനിന്ന് കാലടിയിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ വല്ലം ജംക്‌ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാറപ്പുറം, വള്ളംകടവ് പാലം, പുതിയേടം ജംക്‌ഷൻ, ചൂണ്ടി വഴി ആലുവ, അങ്കമാലി ഭാഗങ്ങളിലേക്ക് പോകണം.

കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽനിന്ന് കാലടിയിലേക്ക് വരുന്ന ഭാരവാഹനങ്ങൾ പെരുമ്പാവൂർ–ആലുവ കെ.എസ്.ആർ.ടി.സി. റോഡ് വഴി ആലുവ, അങ്കമാലി ഭാഗങ്ങളിലേക്ക് പോകണം.

ചൊവ്വര, കാഞ്ഞൂർ ഭാഗങ്ങളിൽനിന്ന് കാലടിയിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ കാഞ്ഞൂർ ജംക്‌ഷനിൽ വലത്തോട്ട് തിരിഞ്ഞ് പുതിയേടം ജംക്‌ഷൻ, പാറപ്പുറം വഴി പെരുമ്പാവൂരിലേക്ക് പോകണം.

വിശിഷ്ട വ്യക്തിയുടെ വാഹനവ്യൂഹത്തിന്റെ യാത്ര പൂർത്തിയാകുന്നതുവരെ കാഞ്ഞൂർ ഭാഗത്തുനിന്ന് കാലടിയിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിക്കും.

മൂന്നിന് അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങും. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നിന്ന് 3.50ന് ക്ഷേത്രദര്‍ശനത്തിന് പുറപ്പെടും. 4.15 വരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍. 4.30ന് ഗുരുവായൂരില്‍ നിന്ന് മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോനടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴിമല നാവിക അക്കാദിമിയില്‍ രാത്രി താമസിച്ച ശേഷം നാളെ രാവിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും. തുടര്‍ന്ന് മിസോറമിലേക്ക് പോകും.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ കാരക്കാട് ജങ്ഷന്‍ വരെ ഉച്ചയ്ക്ക് ഒന്നിനുശേഷം ഗതാഗതം അനുവദിക്കില്ല. സ്വകാര്യ ബസുകള്‍ പടിഞ്ഞാറെനട കമ്പിപ്പാലത്തിനു സമീപമായ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. ചാവക്കാട്, പൊന്നാനി ഭാഗത്തുനിന്നുള്ള ടോറസ്, ടിപ്പര്‍ ലോറികള്‍ ചാവക്കാട് ജങ്ഷന് മുന്‍പായും പാവറട്ടിയില്‍ നിന്നു വരുന്നവ പഞ്ചാരമുക്ക് ജങ്ഷനു മുന്‍പായും പാര്‍ക്ക് ചെയ്യണം. തൃശൂരില്‍ നിന്നുള്ള വാഹനങ്ങള്‍ ചൂണ്ടലില്‍ നിന്ന് കുന്നംകുളം വഴി ഗുരുവായൂരിലെത്തണം. ഇന്നര്‍ ഔട്ടര്‍ റിങ് റോഡുകളില്‍ പാര്‍ക്കിങ് പൂര്‍ണമായി നിരോധിക്കും. ട്രയല്‍ റണ്ണിന്റെ ഭാഗമായി നാളെയും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് അസി. പൊലീസ് കമ്മീഷണര്‍ സുരേന്ദ്രന്‍ അറിയിച്ചു.