Latestകേരളം

കുട്ടികള്‍ക്ക് വീട്ടില്‍ പാലും മുട്ടയും ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം.

കടുത്ത ചൂട് കാരണം അങ്കണവാടികളില്‍ എത്താൻ കഴിയാത്ത കുട്ടികള്‍ക്ക് വീട്ടില്‍ പാലും മുട്ടയും ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം.കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാരങ്ങള്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ അങ്കണവാടി വർക്കർമാർ കുട്ടികളുടെ വീടുകള്‍ നേരിട്ട് സന്ദർശിക്കണം.

അങ്കണവാടികളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കരുത് എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം എത്തുന്ന കുട്ടികള്‍ക്ക് പഠനസൗകര്യവും ഭക്ഷണവും നല്‍കണം. ആഴ്ചയില്‍ അര ലിറ്റർ പാല്‍ വീതം ഓരോ കുട്ടിക്കും നല്‍കണം. ദിവസവും 125 മില്ലി ലിറ്റർ പാലാണ് നല്‍കേണ്ടത്. ബാക്കി വരുന്ന പാല്‍ തൈരാക്കി കുട്ടിക്ക് തന്നെ നല്‍കാൻ രക്ഷിതാക്കള്‍ക്ക് നിർദേശം നല്‍കണം. ആഴ്ചയില്‍ മൂന്ന് മുട്ട വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ നല്‍കുന്നുണ്ടെന്ന് അങ്കണവാടി വർക്കർമാർ ഉറപ്പാക്കണം.

ചൂട് കൂടുന്ന സാഹചര്യത്തില്‍ കുട്ടികളില്‍ നിർജലീകരണം ഉണ്ടാകാതിരിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം, മോര്, കഞ്ഞിവെള്ളം എന്നിവ നല്‍കുന്നുണ്ടോ എന്ന് ഭവന സന്ദർശന വേളയില്‍ പരിശോധിക്കണം. പോഷകബാല്യം പദ്ധതിയുടെ ഗുണഫലങ്ങള്‍ കുട്ടികള്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഐ.സി.ഡി.എസ് ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.