ബഹ്റൈനിലും പ്രവാസികൾക്ക് തിരിച്ചടി; പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് നിരക്ക് ഉയർത്തി
യുഎഇയ്ക്കും കുവൈറ്റിനും പിന്നാലെ ബഹ്റൈനിലും ഇന്ത്യൻ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചുകൊണ്ട് പാസ്പോർട്ട്, കോൺസുലർ സേവനങ്ങളുടെ ഫീസ് നിരക്കുകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുത്തനെ വർധിപ്പിച്ചു. 2012-ന് ശേഷം, അതായത് നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാസ്പോർട്ട് സേവന നിരക്കുകളിൽ ഇത്രയും വലിയൊരു വർധനവ് വരുത്തുന്നത്. പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതോടെ വിവിധ സേവനങ്ങൾക്കായി ഏകദേശം 75 ശതമാനം വരെ അധിക തുക നൽകേണ്ടി വരും. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് പുതിയ ഫീസ് വർധനവ് വലിയൊരു പ്രഹരമാണ്. പ്രത്യേകിച്ച്, കുടുംബമായി താമസിക്കുന്നവർക്ക് എല്ലാവരുടെയും പാസ്പോർട്ടുകൾ ഒരുമിച്ച് പുതുക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അധികച്ചെലവ് അവരുടെ പ്രതിമാസ ബജറ്റുകളെ ദോഷകരമായി ബാധിക്കുമെന്നാണ് ആശങ്ക.സാധാരണ വിഭാഗത്തിൽ പെടുന്ന പാസ്പോർട്ട് സേവനങ്ങളുടെ നിരക്കുകളിൽ വന്നിട്ടുള്ള മാറ്റങ്ങൾ താഴെ പറയുന്ന പ്രകാരമാണ്;
36 പേജുള്ള സാധാരണ പാസ്പോർട്ട്: 47.100 ബഹ്റൈൻ ദീനാർ (പഴയ നിരക്ക്: 27.800)
60 പേജുള്ള ജംബോ പാസ്പോർട്ട്: 65.600 ബഹ്റൈൻ ദീനാർ (പഴയ നിരക്ക്: 36.700)
നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ 36 പേജ് പാസ്പോർട്ട്: 93.300 ബഹ്റൈൻ ദീനാർ (പഴയ നിരക്ക്: 54.700)
നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ 60 പേജ് പാസ്പോർട്ട്: 111.800 ബഹ്റൈൻ ദീനാർ (പഴയ നിരക്ക്: 63.700)
അടിയന്തരമായി പാസ്പോർട്ട് ആവശ്യമുള്ളവർക്കുള്ള തത്കാൽ നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്;
36 പേജുള്ള പാസ്പോർട്ട്: 93.300 ദീനാർ (പഴയ നിരക്ക്: 81.600)
60 പേജുള്ള ജംബോ പാസ്പോർട്ട്: 111.800 ദീനാർ (പഴയ നിരക്ക്: 90.600)
കുട്ടികളുടെ പാസ്പോർട്ട് അപേക്ഷകൾക്കും പുതിയ നിരക്കുകൾ ബാധകമായിരിക്കും;
8 വയസ്സ് വരെയുള്ള കുട്ടികളുടെ പുതിയ പാസ്പോർട്ട്: 30.800 ദീനാർ (പഴയ നിരക്ക്: 17.000)
15 വയസ്സ് വരെയുള്ളവർക്ക് (36 പേജ് പുതിയതോ റീ-ഇഷ്യൂവോ): 34.100 ദീനാർ (പഴയ നിരക്ക്: 18.800)
15 മുതൽ 18 വയസ്സ് വരെ (10 വർഷ കാലാവധിയുള്ള പുതിയതോ റീ-ഇഷ്യൂവോ): 47.100 ദീനാർ (പഴയ നിരക്ക്: 27.800)
15 മുതൽ 18 വയസ്സ് വരെ (36 പേജ് സാധാരണ പാസ്പോർട്ട്): 34.100 ദീനാർ (പഴയ നിരക്ക്: 18.800)
15 മുതൽ 18 വയസ്സ് വരെ (60 പേജ് പാസ്പോർട്ട്): 65.600 ദീനാർ (പഴയ നിരക്ക്: 36.700)
തത്കാൽ വിഭാഗത്തിൽ കുട്ടികൾക്കുള്ള നിരക്കുകൾ;
18 വയസ്സിന് താഴെയുള്ളവരുടെ നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ (36 പേജ്, 5 വർഷ കാലാവധി) പാസ്പോർട്ട്: 80.400 ദീനാർ
15 മുതൽ 18 വയസ്സ് വരെ (10 വർഷ കാലാവധി) തത്കാൽ 36 പേജ്: 93.300 ദീനാർ
15 മുതൽ 18 വയസ്സ് വരെ (10 വർഷ കാലാവധി) തത്കാൽ 60 പേജ്: 111.800 ദീനാർ
പാസ്പോർട്ടിന് പുറമെ മറ്റ് പ്രധാന കോൺസുലർ സേവനങ്ങൾക്കും ഫീസ് ഉയർത്തിയിട്ടുണ്ട്;
എമർജൻസി സർട്ടിഫിക്കറ്റ്: 6.400 ദീനാർ
ജനന സർട്ടിഫിക്കറ്റ്: 8.000 ദീനാർ
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ് അനുബന്ധ സേവനങ്ങൾ: 15.600 ദീനാർ
എൻആർഐ സർട്ടിഫിക്കറ്റ്: 9.800 ദീനാർ
വിവാഹ രജിസ്ട്രേഷൻ: 18.800 ദീനാർ
