മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
ബെംഗളൂരു: മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കിയ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. 5000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. 2025 ജൂണ്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
ബെംഗളൂരുവിലെ കസ്തൂര്‍ബ റോഡിലെ മദ്യഷോപ്പില്‍ നിന്നും 2170 രൂപയ്ക്കായിരുന്നു പരാതിക്കാരന്‍ മദ്യം വാങ്ങിയത്. കുപ്പികള്‍ കൊണ്ടുപോകാന്‍ സഞ്ചി ആവശ്യപ്പെട്ടപ്പോള്‍ സ്ഥാപനത്തിന്റെ പേരും ലോഗോയും ഉള്ള കവര്‍ നല്‍കുകയായിരുന്നു. ഇതിനായി 20 രൂപയും ബില്ലും നല്‍കി.
സ്ഥാപനത്തിന്റെ പരസ്യമുള്ള സഞ്ചിക്ക് പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് മറ്റുവഴികളില്ലാതെ പണം നല്‍കി കവര്‍ വാങ്ങുകയായിരുന്നു.
പിന്നാലെയാണ് സംഭവത്തില്‍ യുവാവ് ജൂണ്‍ 17ന് ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്. 25,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിച്ചത്. തുടർന്ന് സഞ്ചിക്ക് നല്‍കിയ 20 രൂപയും 5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും നല്‍കാൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു.
