Latestകേരളം

‘എനിക്കെതിരെ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് എന്റെ മുഖത്ത് നോക്കിയാണ് പറയേണ്ടത്’; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: കെപിസിസി ഭാരവാഹി യോഗത്തില്‍ തനിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. പാര്‍ട്ടി വേദികളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പുറത്തൊരു ചര്‍ച്ചയ്ക്ക് ഞാനില്ല. ആണത്തവും പൗരത്വവും ഉണ്ടെങ്കില്‍ ഇതൊക്കെ പരസ്യമായി പറയണം. അതല്ലേ അതിന്റെ ഒരു മര്യാദ. രഹസ്യമായി പറയുന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ എങ്ങനെ പ്രതികരിക്കുകയെന്ന് അദ്ദേഹം കാസര്‍കോട് പറഞ്ഞു.

‘എനിക്കെതിരെ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് എന്റെ മുഖത്ത് നോക്കിയാണ് പറയേണ്ടത്. എനിക്കെതിരെ ആഞ്ഞടിക്കാനുള്ള ശക്തിയൊക്കെ ഓരോരുത്തര്‍ക്കും ഉണ്ടോ എന്നുള്ളത് അവര്‍ തീരുമാനിക്കട്ടെ. പാര്‍ട്ടി വേദികളില്‍ നടക്കുന്ന കാര്യങ്ങളില്‍ പുറത്ത് ഒരു ചര്‍ച്ചയ്ക്ക് ഞാന്‍ ഇല്ല. 68ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളാണ് ഞാന്‍. അന്ന് ഇവരാരും ജനിച്ചിട്ടുപോലുമില്ല. ഞാനിപ്പോ കോണ്‍ഗ്രസിന്റെ ഏറ്റവും സീനിയര്‍ നേതാവാണ്. എന്നെ നിയന്ത്രിക്കാന്‍ ശക്തിയുള്ള ആരും പാര്‍ട്ടിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല. എനിക്കെതിരെ പ്രതികരിക്കാന്‍ വന്നു കഴിഞ്ഞാല്‍ പ്രതികരിക്കാന്‍ വരുന്നവരെക്കുറിച്ച് പ്രതികരിക്കാന്‍ എനിക്ക് നന്നായിട്ട് അറിയാമല്ലോ. എനിക്ക് ആരുടെയും വക്കാലത്ത് ആവശ്യമില്ല’.