Latestദേശീയം

രോഗിയായ അമ്മയെ മകന്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍. എസ് പദ്മാവതി(71) ആണ് കൊല്ലപ്പെട്ടത്. മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. ട്രാക്കിനു സമീപം വീല്‍ചെയര്‍ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ മാനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

യേലഗിരി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് പത്മാവതി മരിച്ചത്. ആദ്യം അപകടമാണെന്നാണ് കരുതിയതെങ്കിലും സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീല്‍ചെയര്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വില്‍ചെയറിലിരുന്ന അമ്മയെ ട്രെയിനിന് മുന്നിലേക്ക് പാര്‍ത്ഥസാരഥി തള്ളിയിടുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ കരാര്‍ ജീവനക്കാരനാണ് ഇയാള്‍.