Latestദേശീയം

പെല്യൂഷൻ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ ഇന്ധനം നല്‍കില്ല, പഴയ കാറുകള്‍ക്ക് പ്രവേശനമില്ല; കടുത്ത നടപടിയുമായി ദില്ലി സര്‍ക്കാര്‍

ഡൽഹി: ദേശീയ തലസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന വായു മലിനീകരണത്തിന് തടയിടാനായി ദില്ലി സർക്കാർ പ്രഖ്യാപിച്ച കർശനമായ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ബിഎസ്-6 എഞ്ചിൻ മാനദണ്ഡം നിർബന്ധമാക്കിയതാണ് പുതിയ പരിഷ്കാരങ്ങളില്‍ പ്രധാനം. ഇതോടൊപ്പം, സാധുവായ പെല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്ബുകളില്‍ നിന്ന് ഇന്ധനം നല്‍കില്ലെന്നും അധികൃതർ വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി വിട്ടുവീഴ്ചയില്ലാത്ത നീക്കങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

പുതിയ നിയമം നടപ്പിലാകുന്നതോടെ ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ നിന്ന് നിത്യേന ദില്ലിയിലേക്ക് എത്തുന്ന 12 ലക്ഷത്തോളം വാഹനങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം നോയിഡയില്‍ നിന്ന് നാലും ഗാസിയാബാദില്‍ നിന്ന് അഞ്ചര ലക്ഷവും ഗുഡ്ഗാവിലെ രണ്ട് ലക്ഷത്തോളം വാഹനങ്ങള്‍ക്കും ഇനി നഗരത്തിലേക്ക് പ്രവേശനം ലഭിക്കില്ല. മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താൻ പെട്രോള്‍ പമ്ബുകളില്‍ ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകള്‍ ഇതിനകം തന്നെ സ്ഥാപിച്ചുകഴിഞ്ഞു. ദില്ലി പരിസ്ഥിതി മന്ത്രി മജീന്ദർ സിംഗ് സിർസ ചൊവ്വാഴ്ചയാണ് ഈ കർശന നടപടികള്‍ പ്രഖ്യാപിച്ചത്. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷൻ പ്ലാനിന്‍റെ നാലാം ഘട്ടം നിലനില്‍ക്കുന്നതുവരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.