ഗുജറാത്തില്‍ സ്ത്രീ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഭര്‍ത്താവിനെ തല്ലിക്കൊന്നു
ഗാന്ധിനഗർ : ഗുജറാത്തില്‍ മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തെ ജനക്കൂട്ടം ആക്രമിക്കുകയും തുടർന്ന് ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് സംഭവം.
50 വയസുകാരൻ മനുഭായ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ട് ആണ്‍മക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മനുഭായ് ദാമോറിന്റെ ഭാര്യ കമലാബെൻ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് അയല്‍വാസികളായ ചിലർ ഇയാളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.
മഴുവും വടികളുമായി ആയുധധാരികളായ 12 ഓളം പേർ ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറി. കമലാബെൻ ഒരു മന്ത്രവാദിനി ആണെന്നും അവളെ കൊല്ലണമെന്നും ആക്രോശിച്ചുകൊണ്ട് അവർ വീട്ടുകാരെ ആക്രമിക്കാൻ തുടങ്ങി. ആക്രമണത്തിനിടെ മനു ഭായിയുടെ മകൻ ജിതേന്ദ്ര ഇടപെട്ട് കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ പ്രതികളിലൊരാള്‍ മഴുകൊണ്ട് അയാളുടെ തലയില്‍ അടിച്ചതായും ഗുരുതരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഇയാള്‍ കുഴഞ്ഞുവീണതിനുശേഷവും ആക്രമണം തുടർന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആള്‍ക്കൂട്ടത്തിലെ നാല് സ്ത്രീകള്‍ മനുഭായിയെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് അടുത്തുള്ള വയലിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് മറ്റ് പ്രതികള്‍ മഴുവും വടിയും ഉപയോഗിച്ച് ഇയാളെ ആക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സക്കിടെ മനുഭായ് മരിച്ചു. പരിക്കേറ്റ മക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
12 പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കുല്‍ദീപ് നായി പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ റിമാൻഡ് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
