Latestദേശീയം

മകന്റെ രോഗം മാറാൻ 13കാരിയായ മകളെ ബലി നല്‍കി; അമ്മയും മന്ത്രവാദിയും സഹായിയും അറസ്റ്റില്‍

ഹസാരിബാഗ്: മന്ത്രവാദത്തിന്റെ പേരില്‍ 13കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍.ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള കുസുംബ ഗ്രാമത്തിലാണ് ക്രൂരകൃത്യം നടന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ രശ്‌മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരാണ് അറസ്റ്റിലായത്. മാർച്ച്‌ 24ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.

ശാരീരിക, മാനസിക ബുദ്ധിമുട്ടുകളുള്ള മകന്റെ രോഗശാന്തിക്കായി രശ്‌മി ദേവി ഇടയ്‌ക്കിടെ മന്ത്രവാദിനിയെ കാണാറുണ്ടായിരുന്നു. മകന്റെ രോഗം മാറാൻ കന്യകയെ ബലി നല്‍കിയാല്‍ മതിയെന്ന് ശാന്തി ദേവി രശ്‌മിയെ വിശ്വസിപ്പിച്ചു. മാർച്ച്‌ 24ന് അഷ്‌ടമി ദിവസമായകിനാല്‍ അന്ന് രാത്രി പെണ്‍കുട്ടിയെ കുരുതി നല്‍കാനും മന്ത്രവാദിനി ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് രശ്‌മി ദേവി മകളുമായി ശാന്തി ദേവിയുടെ വീട്ടിലെത്തിയത്.

മാർച്ച്‌ 24ന് രാത്രി എല്ലായിടത്തും രാംനവമി ആഘോഷവും അതുമായി ബന്ധപ്പെട്ട ഘോഷയാത്രകളുമായിരുന്നു. പുറത്ത് ആഘോഷങ്ങളുടെ ശബ്‌ദം ഉയർന്നപ്പോള്‍ പൂജകള്‍ കണ്ടുകൊണ്ടിരുന്ന സ്വന്തം മകളെ ഭീമിന്റെ സഹായത്തോടെ രശ്‌മി കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ഈ സമയം മന്ത്രവാദിനി പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ തടിക്കഷ്‌ണങ്ങള്‍ കുത്തിക്കയറ്റി. ചടങ്ങിനായി രക്തം ശേഖരിക്കാൻ ഭീം റാം കുട്ടിയുടെ തലയില്‍ അടിച്ചു. ശേഷം മൂവരും ചേർന്ന് മൃതദേഹം പൂന്തോട്ടത്തില്‍ കുഴിച്ചിട്ടു. ഭാര്യാസഹോദരിയുടെ കൊലപാതകം ഉള്‍പ്പെടെ മറ്റ് രണ്ട് കേസുകളില്‍ പ്രതിയാണ് ഭീം റാം.

മകളെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് രശ്‌മി പൊലീസില്‍ പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി എന്ന് ആരോപിച്ച്‌ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധിരിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍, പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകളില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് തെളിഞ്ഞു. സംശയം തോന്നി പിന്നീട് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.