ചൂടിന് ശമനമില്ല; 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഇന്നലെ പാലക്കാട് 39.7ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് 38.6ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട് 38 ഡിഗ്രിസെല്‍ഷ്യസും രേഖപ്പെടുത്തി. അതേസമയം, ഇന്ന് ചിലയിടങ്ങളില്‍ വേനല്‍മഴ ലഭിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നു.
ചൂട് വർധിക്കുകയും പാമ്പുകടികള്‍ കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിഷയങ്ങള്‍ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന യോഗം രാവിലെ 11 മണിക്ക് ഓണ്‍ലൈനായി നടക്കും.
