ഇടുക്കി ആനച്ചാലിലെ സ്കൈ ഡൈനിങ് അപകടം: നടത്തിപ്പുകാര്‍ക്കെതിരെ കേസ്
ഇടുക്കി: ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിങ് കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ എന്ന വകുപ്പ് ചുമത്തിയാണ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പ്രവീണ്‍, സോജൻ എന്നിവർക്കെതിരെ കേസെടുത്തത്.
ക്രെയിനിന് സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് 120 അടിയോളം ഉയരത്തില്‍ കുടുങ്ങിയ അഞ്ച് പേരെയും മൂന്ന് മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ സുരക്ഷിതമായി താഴെയെത്തിച്ചു. സ്കൈ ഡൈനിങ് പേടകത്തില്‍ മംഗലാപുരം സ്വദേശികളായ മലയാളികളാണ് കുടുങ്ങിയത്. മുഹമ്മദ് സഫ്വാൻ, തൗഫീന (ഭാര്യ), ഇവാൻ, ഇനാര (മക്കള്‍), ഹരിപ്രിയ (ജീവനക്കാരി) എന്നിവരാണിത്.
രക്ഷാപ്രവർത്തനത്തില്‍ രണ്ടര വയസ്സുള്ള കുട്ടി ഉള്‍പ്പെടെയുള്ള കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. എല്ലാവരെയും സുരക്ഷിതമായി താഴെയെത്തിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ആനച്ചാലിലുള്ള സ്വകാര്യ സ്കൈഡൈനിങ് കേന്ദ്രത്തിലെ പേടകം ഉയർത്തി നിർത്തിയിരുന്ന ക്രെയിനിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ പറയുന്നു.
അഞ്ചംഗ സംഘം മൂന്ന് മണിക്കൂറോളമാണ് 120 അടിയോളം ഉയരത്തില്‍ കുടുങ്ങിക്കിടന്നത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയർ ഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. വടം ഉപയോഗിച്ചാണ് സഞ്ചാരികളെ താഴെയെത്തിച്ചത്. സംഭവം നടന്ന് ഏറെ നേരത്തിനു ശേഷമാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. കൂടാതെ, സ്കൈ ഡൈനിങ് കേന്ദ്രം പ്രവർത്തിച്ചിരുന്നത് വേണ്ടത്ര അനുമതികളോ സുരക്ഷാ സജ്ജീകരണങ്ങളോ ഇല്ലാതെയാണ് എന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇത് നടത്തിപ്പുകാർക്കെതിരായ കേസ് കൂടുതല്‍ ശക്തമാക്കാൻ സാധ്യതയുണ്ട്.
