Latestകേരളം

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ലഭിച്ച തടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചു. കോട്ടയം വിജിലൻസ് പ്രത്യേക കോടതി വിധിച്ച ശിക്ഷാവിധിക്കെതിരെ തച്ചങ്കരി നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഇടക്കാല ഉത്തരവ്.

കോട്ടയം എൻക്വയറി കമ്മീഷണർ ആൻഡ് വിജിലൻസ് സ്പെഷ്യൽ ജഡ്ജി അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)(e) വകുപ്പുകൾ പ്രകാരം തച്ചങ്കരി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നാല് വർഷം തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയുമായിരുന്നു. തെളിവുകളുടെയും ആനുകൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ സാധ്യമായ എല്ലാ ഇളവുകളും നൽകിയ ശേഷവും അദ്ദേഹത്തിന്റെ കൈവശമുള്ളത് വരുമാനത്തിന്റെ 52.33 ശതമാനത്തോളം വരുന്ന അനധികൃത സ്വത്താണെന്നായിരുന്നു വിജിലൻസ് കോടതിയുടെ കണ്ടെത്തൽ.