പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല
കൊച്ചി: സിഎംആര്എല്- എക്സാലോജിക് അഴിമതിക്കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ അപ്പീല് നല്കാന് അനുമതി തേടി പിണറായി വിജയന് അടക്കമുള്ളവര് നല്കിയ ഹര്ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നിയമപരമായി എഫ്ഐആർ ഇട്ട സാഹചര്യത്തിൽ അപ്പീൽ അനുമതി അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പിണറായി വിജയന് പുറമെ, മകള് ടി വീണ, ഭര്ത്താവും മുന് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് ഹര്ജി നൽകിയത്. പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തതിനെതിരെ നിയമപരമായോ ഭരണഘടനാപരമായോ ഉള്ള പ്രതിവിധികൾ തേടുന്നതിനുള്ള അപേക്ഷകരുടെ അവകാശത്തെ സിംഗിള് ബെഞ്ച് ഉത്തരവ് തടസപ്പെടുത്തുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ഈ സാഹചര്യത്തിൽ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള എല്ലാ ഹർജികളും നിരസിക്കുകയാണെന്ന് വ്യക്തമാക്കി.
