Latestകേരളം

കണ്ണൂരിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ

കണ്ണൂർ : ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും ദിവസവും 200ലധികം പേർ പനി ബാധിച്ച് ചികിത്സ തേടുന്നതായാണ് വിവരം.

കാലാവസ്ഥാ മാറ്റത്തോടൊപ്പം കടുത്ത ചൂടും വൈറൽ പനി വർധിക്കാൻ കാരണമാകുന്നതായി ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ വൈറൽ പനി ബാധിച്ച് ചികിത്സ തേടിയത് ഏകദേശം 5,000 പേരാണ്. വൈറൽ പനിക്ക് പുറമെ ഡെങ്കിപ്പനിയും ജില്ലയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കണ്ണൂർ കോർപറേഷൻ, ചിറക്കൽ, തളിപ്പറമ്പ്, നാറാത്ത് തുടങ്ങിയ പ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഭക്ഷണം കഴിക്കുമ്പോൾ രുചിയില്ലായ്മ, കടുത്ത ക്ഷീണം, തലവേദന, രക്തസമ്മർദം കുറയുക, തലകറക്കം തുടങ്ങിയവയാണ് വൈറൽ പനിയുടെ പ്രധാന ലക്ഷണങ്ങളെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സാധാരണ വൈറൽ പനി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മാറാറുണ്ടെങ്കിലും നിലവിൽ ചിലരിൽ രണ്ടാഴ്ചയോളം പനി തുടരുന്നതായും പനി മാറിയ ശേഷവും ക്ഷീണം തുടരുന്നതിനാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ദിവസങ്ങളെടുക്കുന്നതായും പറയുന്നു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയെത്തിയവരുടെ എണ്ണം 1,000 കവിഞ്ഞതായാണ് കണക്കുകൾ. ചില ആശുപത്രികളിൽ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാകുന്നു. പനി ബാധിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ടെന്നും പരാതിയുണ്ട്. കാലാവസ്ഥാ വ്യതിയാനം, കൊതുകുകളുടെ വർധന, ശുചിത്വമില്ലായ്മ, ജീവിതരീതിയിലെ മാറ്റങ്ങൾ എന്നിവ പകർച്ചവ്യാധികൾ വർധിക്കാൻ കാരണമാകുന്നതായും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

പനിക്കൊപ്പം ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ, കടുത്ത ശരീരവേദന, തുടർച്ചയായ ഛർദി, അമിത ക്ഷീണം തുടങ്ങിയവ അനുഭവപ്പെടുന്നവർ സ്വയം മരുന്ന് കഴിക്കുന്നതിന് പകരം ഡോക്ടറെ കാണിച്ച് ചികിത്സ തേടണമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

വേണം മുൻകരുതലുകൾ

  • ഇടയ്ക്കിടെ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
  • രോഗലക്ഷണങ്ങളുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടുക.
  • മുറികളിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക.
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  • കൊതുകുകളുടെ ഉറവിടങ്ങൾ ഇല്ലാതാക്കുക.
  • കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കുക.