മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ വിചാരണക്ക് സ്റ്റേ, ജൂണ്‍ ഒന്നിന് വിധി പറയും
കണ്ണൂർ : മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ വിചാരണക്ക് സ്റ്റേ. ജൂണ്‍ ഒന്ന് വരെ വിചാരണ നിർത്തി വെക്കാനാണ് തലശേരി അഡിഷണല്‍ സെഷൻസ് കോടതി ഒന്നിൻ്റെ ഉത്തരവ്.കേസിൻ്റെ വിചാരണ അഡീഷണല്‍ സെഷൻസ് കോടതി മൂന്നില്‍ നിന്ന് മാറ്റണമെന്ന പ്രതിഭാഗം ഹരജി പരിഗണിക്കുന്നതിനിടെ ആണ് തീരുമാനം. ജൂണ്‍ ഒന്നിന് ഹരജിയില്‍ കോടതി വിധി പറയും.
കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം റദ്ദാക്കികൊണ്ടുള്ള തലശേരി അഡീഷണല്‍ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കി. 2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലില്‍ റിയാസ്, നൗഷാദ്, ഇസ്മയില്‍, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്.
സിപിഎം.- ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തില്‍ എം.വി.ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയില്‍ രജില്‍ രാജ് (32), കൃഷ്ണ നിവാസില്‍ ദീപ്ചന്ദ് (33), തയ്യുള്ളതില്‍ ടി.കെ.അസ്കർ (34), മുട്ടില്‍വീട്ടില്‍ കെ.അഖില്‍ (30), പുതിയപുരയില്‍ പി.പി.അൻവർ സാദത്ത് (30), നിലാവില് സി.നിജില്‍ (30), പി.കെ.അഭിനാഷ് (32), എ.ജിതിൻ (30), സാജ് നിവാസില്‍ കെ.സഞ്ജയ് (31), രജത് നിവാസില്‍ കെ.രജത്ത് (29), കെ.വി.സംഗീത് (29), കെ.ബൈജു (43), കെ.പി.പ്രശാന്ത് (52), എ.പി.സനീഷ് (35), മുട്ടില്‍ എ.കെ.സുബിൻ (34), കേളോത്ത് വി.പ്രജിത്ത് (33) എന്നിവരാണ് പ്രതികള്‍.
പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത് .കേസിന്റെ വിചാരണാ നടപടികള്‍ ഈ മാസം 18-ാം തീയതി മുതല്‍ കോടതിയില്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി, അക്രമത്തില്‍ പരിക്കേറ്റവരും ശുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം കഴിഞ്ഞ ദിവസങ്ങളില്‍ പൂർത്തിയായിരുന്നു.
സാക്ഷിവിസ്താരം പൂർത്തിയായതിന് പിന്നാലെ, വിചാരണ നടപടികള്‍ നിലവിലെ കോടതിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ രംഗത്തെത്തുകയും ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടത്തുകയും ചെയ്തിരുന്നു. പ്രതിഭാഗത്തിന്റെ കോടതി മാറ്റത്തിനുള്ള നീക്കത്തെ തുടർന്നാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
