Latestകണ്ണൂര്‍കേരളം

കണ്ണൂർ സർവകലാശാലയിലെ അധ്യാപകന് 63 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്

കണ്ണൂർ: കേന്ദ്രസർക്കാരിന്‍റെ അനുസന്ധാൻ നാഷനൽ റിസേർച് ഫൗണ്ടേഷൻ (എഎൻആർഎഫ്) മികച്ച ഗവേഷകർക്ക് നൽകി വരുന്ന ഗവേഷണ ഗ്രാന്‍റിന് കണ്ണൂർ സർവകലാശാല ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. വിജിത്തിന്. 63 ലക്ഷം രൂപയാണ് മൂന്ന് വർഷത്തെ ഗവേഷണത്തിനായി ഡോ. വിജിത്തിന് ലഭിച്ചത്. ഗവേഷകരുടെ കരിയറിന്‍റെ തുടക്കത്തിൽ ലഭിക്കുന്ന മികച്ച അംഗീകാരമാണ് അനുസന്ധാൻ നാഷണൽ റിസേർച് ഫൗണ്ടേഷൻ ഗ്രാന്‍റ്. ക്വാണ്ടം മെക്കാനിക്സിലെ ടണലിംഗ് എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാനോമീറ്റർ ലെവലിൽ (1 മുതൽ 5 നാനോമീറ്റർ വരെ) ഉള്ള ജംഗ്ഷനുകൾ ആണ് ഗവേഷണത്തിന്‍റെ പ്രധാന ഘടകം.

രണ്ട് വൈദ്യുതചാലക വസ്തുക്കൾക്കിടയിലുള്ള നേർത്ത ഇൻസുലേറ്റിംഗ് പാളിയെയാണ് ടണൽ ജംഗ്ഷൻ എന്ന് പറയുന്നത്. പ്രകാശത്തെയും ഇലക്ട്രോണുകളെയും ഒരേ സമയം നിയന്ത്രിക്കാൻ ഉതകുന്ന സാങ്കേതികവിദ്യയാണ് ടണൽ ജംഗ്ഷൻ പ്രദാനം ചെയ്യുന്നത്. ഈ ജംഗ്ഷനുകളിലൂടെയുള്ള ഇലക്ട്രോൺ ടണലിംഗ് വഴി പ്ലാസ്മോണുകൾ (ലോഹ ഉപരിതലത്തിലെ ഇലക്ട്രോണുകളുടെ കൂട്ട ചലനം) ഉൽപ്പാദിപ്പിക്കുകയും ഡിറ്റക്ട് ചെയ്യുകയും ചെയ്യാം. ഇത്തരത്തിൽ ഒരു സിംഗിൾ പ്ലാറ്റഫോം നിർമ്മിക്കുകയാണ് ഗവേഷണത്തിന്റെ ലക്‌ഷ്യം.

ഇത് നാനോസ്‌കെയിലിൽ പ്രകാശവും ദ്രവ്യവും തമ്മിലുള്ള പരസ്പര പ്രവർത്തനങ്ങളെ കൂടുതൽ വിപുലീകരിക്കും. പുതിയ ഒപ്റ്റോ-ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ, ഇമേജിംഗ്, ക്വാണ്ടം സ്രോതസ്സുകൾ എന്നിവയുടെ വികസനം ഇതുവഴി സാധ്യമാകും. കഴിഞ്ഞ മൂന്ന് വർഷമായി കണ്ണൂർ സർവകലാശാല ഭൗതികശാസ്ത്ര വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. വിജിത്ത് കോഴിക്കോട് കൊടൽ-നടക്കാവ് സ്വദേശിയാണ്. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും അഞ്ചു വർഷത്തെ പോസ്റ്റ്ഡോക്ടറൽ റിസേർച്ചിനു ശേഷമാണു കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലിയിൽ പ്രവേശിച്ചത്.