Latestകേരളം

മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പെരുമ്പാവൂരിൽ യുവാവിനെ അതിഥി തൊഴിലാളികൾ തല്ലിക്കൊന്നു

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ ഒരു സംഘം മർദ്ദിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അസാം സ്വദേശികളായ ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക നിഗമനം.

പെരുമ്പാവൂർ മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പിടിയിലായവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. പ്ലൈവുഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മരക്കഷണങ്ങൾ (കോർ) ഉപയോഗിച്ചാണ് യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.

മർദ്ദനത്തിൽ യുവാവിന്റെ മുഖത്തും വയറിലും കൈകാലുകളിലും മാരകമായി പരിക്കേൽക്കുകയും പല്ലുകൾ ഒടിഞ്ഞുപോവുകയും ചെയ്തു. ഗുരുതര പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പ്രതികളെ പ്ലൈവുഡ് കമ്പനിയിൽ നിന്ന് തന്നെയാണ് പോലീസ് പിടികൂടിയത്. മൃതദേഹം നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.