മദ്യപിച്ച് വാഹനമോടിച്ച കേസ്: അശ്വന്ത് കോക്കിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അശ്വന്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. അശ്വന്ത് കോക്കിന്റെ ഥാര്‍ ജീപ്പില്‍ നിന്ന് എയര്‍ഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പിക്കളും പൊലീസ് കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച ഥാര്‍ ജീപ്പ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഇരുചക്രവാഹനങ്ങളിലും ഥാര്‍ ഇടിച്ചു. അപടകമുണ്ടാക്കിയ ശേഷം വാഹനം ഓടിച്ചുപോകുകയാണ് അശ്വന്ത് കോക്ക് ചെയ്തത്. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.
