Latestകേരളം

കണ്ണിൽ മുളകുവെള്ളമൊഴിച്ചു, നഖത്തിൽ ഈർക്കിൾ കയറ്റി’;കോഴിക്കോട് വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ ക്രൂരപീഡനം

കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ ക്രൂരപീഡനം. കണ്ണില്‍ മുളകുവെള്ളം ഒഴിച്ചെന്നും നഖത്തില്‍ ഈര്‍ക്കില്‍ കയറ്റിയെന്നുമാണ് പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ കുട്ടിയാണ് പിതാവിന്റെ ബന്ധുക്കളില്‍ നിന്നും ക്രൂരത നേരിട്ടത്.

സംഭവത്തിൽ പിതൃസഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. വാച്ച് കാണാതായതില്‍ കുട്ടിയെ സംശയിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയുമായിരുന്നു. കുട്ടി സാഹസികമായി വീട്ടില്‍ നിന്നും രക്ഷപ്പെടുകയും ഇത് കണ്ട വഴിയാത്രക്കാരന്‍ കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. ആഗസ്റ്റ് ആറിനാണ് സംഭവം നടന്നത്.

കൈകാലുകള്‍ കെട്ടിയിട്ടതിന്റെ മുറുക്കം കുറഞ്ഞപ്പോള്‍ രാത്രി പതിനൊന്നിന് കുട്ടി കെട്ടഴിച്ച് ടെറസിനോട് ചേര്‍ന്ന കവുങ്ങിലൂടെ ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. അന്ന് പൊലീസ് സംഭവത്തില്‍ കേസെടുത്തിരുന്നില്ല. പിന്നീട് ശിശുക്ഷേമ സമിതി ഇടപെട്ടതോടെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. മോഷണം പോയെന്നു പറഞ്ഞ വാച്ച് പിന്നീട് കണ്ടെത്തി.