അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനം ഒരുക്കും

അസമയത്ത് അലഞ്ഞു തിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനമൊരുക്കും. ജില്ലാ ജാഗ്രതാസമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന എൻ ജി ഒ പ്രതിനിധികളുടെ യോഗം ഇക്കാര്യം ചർച്ച ചെയ്തു. ജില്ലയിൽ പ്രവർത്തിക്കുന്ന എൻ ജി ഒകൾക്ക് അലഞ്ഞു തിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ പാർപ്പിക്കാൻ സൗകര്യമുണ്ടെങ്കിലും മാനസികാസ്വാസ്ഥ്യം നേരിടുന്നവരെ പാർപ്പിക്കാനുള്ള സംവിധാനങ്ങൾ പരിമിതമാണ്. ഇവരെ ജില്ലാ-താലൂക്ക് ആശുപത്രികൾ റഫർ ചെയ്താലാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുക. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ തന്നെ പ്രത്യേക സൗകര്യം ഒരുക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. അനുമതി ലഭിച്ചാൽ ജില്ലാ പഞ്ചായത്ത് സൗകര്യങ്ങൾ ഒരുക്കും. യോഗത്തിൽ ജില്ലാ വനിതാശിശുവികസന ഓഫീസർ ദേന ഭരതൻ, ജില്ലാ ജാഗ്രതാസമിതി അംഗങ്ങൾ, വിവിധ എൻ ജി ഒ പ്രതിനിധികൾ പങ്കെടുത്തു.