ആധുനിക ക്ഷയരോഗ നിര്‍ണയ ടെസ്റ്റിംഗ് സംവിധാനം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ശരീരത്തില്‍ പ്രകടമല്ലാത്ത ക്ഷയരോഗ സാധ്യത (ലേറ്റന്റ് ടി ബി) കണ്ടുപിടിക്കുന്നതിനുള്ള ആധുനിക പരിശോധനാ സംവിധാനമായ ഇന്റര്‍ഫെറോണ്‍ ഗാമാ റിലീസ് അസ്സെ (ഐ ജി ആര്‍ എ) ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പരിശോധന തുടങ്ങിയത്. ശ്വാസകോശ ക്ഷയരോഗ മരുന്ന് കഴിക്കുന്നവരുമായി സമ്പര്‍ക്കത്തിലുള്ള അഞ്ച് മുതല്‍ 14 വയസ്സ് വരെയുള്ള 22 കുട്ടികളുടെ രക്തപരിശോധനയാണ് ആദ്യമായി നടത്തിയത്.

ക്ഷയരോഗികളുമായി സമ്പര്‍ക്കത്തിലുള്ള കുട്ടികളുടെ പരിശോധനകള്‍ മൂന്ന് സെന്ററുകളിലും നടത്തി ആവശ്യമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്ന് ജില്ലാ ടി ബി ഓഫീസര്‍ ഡോ. ജി അശ്വിന്‍ അറിയിച്ചു. പരിശോധനയ്ക്ക് ആവശ്യമായ രക്തസാമ്പിള്‍ ഏതു സ്ഥലത്തു നിന്നും ശേഖരിക്കുന്നതിനും പരിശോധനാ കേന്ദ്രങ്ങളില്‍ സമയത്ത് എത്തിക്കുന്നതിനുമുളള സംവിധാനങ്ങള്‍ ജില്ലാ ടി ബി സെന്റര്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് പരിശോധനാ കേന്ദ്രങ്ങളിലെയും ലാബ് ടെക്‌നീഷ്യന്‍മാരുടെ ഐ ജി ആര്‍ എ പരിശീലനം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ പൂര്‍ത്തിയായി. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിന് വിധേയമാക്കേണ്ടവരെ കണ്ടെത്തുന്നതിന് അതത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ടി ബി കണ്‍ട്രോള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.