ഇന്ന് നിശ്ശബ്ദ പ്രചാരണം; നാളെ വിധിയെഴുതും

സംസ്ഥാനത്ത് ഇന്ന് നിശ്ശബ്ദ പ്രചാരണം മാത്രം. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളിൽ വൈകീട്ട് ഏഴുവരെയും ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.

957 സ്ഥാനാർഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരരംഗത്തുള്ളത്. മലപ്പുറം പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 13283724 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെ 27446039 വോട്ടർമാരാണുള്ളത്. ഇതിൽ 518520 പേർ കന്നി വോട്ടർമാരുമാണ്.