എന്റെ ജില്ല’ മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭിക്കും

സർക്കാർ വിവരങ്ങൾ വിരൽ തുമ്പിൽ ലഭിക്കാനും അഭിപ്രായങ്ങൾ അറിയിക്കാനും ഉപയോഗിക്കുന്ന കണ്ണൂരിന്റെ ‘എന്റെ ജില്ല’ മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭിക്കും. ഇതിനായി ഐഒഎസ് പതിപ്പ് പുറത്തിറക്കി. ആൻഡ്രോയ്ഡ് ഫോണിലും ഈ സേവനം ലഭിക്കും.
പൊതുജനങ്ങൾക്ക് സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചറിയാനും ഓഫീസുകളുമായി ബന്ധപ്പെടാനും ഈ ആപ്പ് വഴി സാധിക്കും. വി ആർ കണ്ണൂർ എന്ന മൊബൈൽ ആപ്ലിക്കേഷനെ അടിസ്ഥാനമാക്കിയാണ് എന്റെ ജില്ലാ ആപ്ലിക്കേഷൻ നാഷണൽ ഇൻഫോർമാറ്റിക് സെന്റർ വികസിപ്പിച്ചത്. നിലവിൽ സംസ്ഥാനത്തെ 14 ജില്ലകളിലും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളുടെ ലൊക്കേഷൻ കണ്ടെത്താനും ഫോൺ, ഇ-മെയിലിൽ എന്നിവ വഴി ബന്ധപ്പെടാനും പ്രവർത്തനം വിലയിരുത്താനുമുള്ള സൗകര്യം ആപ്പിലുണ്ട്. കൂടാതെ പരാതികളും നൽകാം. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമുള്ള ജില്ല തെരഞ്ഞെടുക്കാം. തുടർന്ന് വരുന്ന പേജിൽ വകുപ്പ് തെരഞ്ഞെടുത്താൽ വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെ പട്ടിക ലഭിക്കും.
ഓഫീസ് ക്ലിക്ക് ചെയ്താൽ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും ലഭിക്കും. ഓഫീസിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള ഒപ്ഷനുമുണ്ട്. നിലവിൽ 3106 ഓഫീസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഭ്യമാകുന്ന റിവ്യൂസ് സബ് കലക്ടറും ജില്ലാ നോഡൽ ഓഫീസറുമായ അനുകുമാരിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ട്. ഇതുവഴി പൊതുജങ്ങളുടെ എല്ലാ റിവ്യൂസിനും മറുപടി നൽകുന്നു. കൂടുതൽ അറിയാൻ ഡൗൺലോഡ് ചെയ്യുക. ഐ ഒ എസ് വേർഷൻ: https://apps.apple.com/tt/app/entejilla/id1603821122?uo=2. ആൻഡ്രോയിഡ് വേർഷൻ: https://play.google.com/store/apps/details?id=org.nic.entejil-la