ഓണ്‍ലൈന്‍ പഠനം: എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ഉപകരണങ്ങളുണ്ടെന്ന് ഉറപ്പാക്കണം: ജില്ലാ വികസന സമിതി

ജില്ലയിലെ മുഴുവന്‍ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ലഭ്യമായി എന്ന് ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ, എക്‌സസൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റ് ലഭ്യത ഇല്ലാത്ത കോളനികളിലും മലയോരമുള്‍പ്പെടെയുളള സ്ഥലങ്ങളിലും നെറ്റ് വര്‍ക്ക് എത്തിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും യോഗം നിര്‍ദേശിച്ചു. എംഎല്‍എമാരായ ടി ഐ മധുസൂദനന്‍, അഡ്വ. സജീവ് ജോസഫ്, ഡോ. വി ശിവദാസന്‍ എംപി എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്. എസ്ടി അടക്കമുള്ള ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്തത് ഗൗരവമായ സാഹചര്യമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വേഗതയില്‍ നടപടികള്‍ ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ വിഭജനമെന്നത് അതീവ പ്രാധാന്യത്തോടെ പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണ്. മലയോരം ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തദ്ദേശ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന് യോഗം ഇത് പരിഹരിക്കാന്‍ സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനനുസരിച്ച് നടപടികള്‍ മുന്നോട്ടുപോയോ എന്നത് പരിശോധിക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ മുന്‍കൈയെടുത്ത് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.
ജില്ലയില്‍ ഇതിനകം 332 ആദിവാസി വിദ്യാര്‍ഥികള്‍ക്ക് വിവിധ ഏജന്‍സികളുടെയും ജനപ്രതിനിധികളുടെയും സംഘടനകളുടെയും ഇടപെടലിലൂടെ ഉപകരണങ്ങള്‍ നല്‍കിയതായി ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ 527 പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് പൂര്‍ണമായി ഉപകരണമില്ലാത്തവരായി പട്ടികവര്‍ഗ വകുപ്പ് കണ്ടെത്തിയിട്ടുളളത്. ഉപകരണങ്ങള്‍ നല്‍കുന്നതിന് വിവിധ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക പ്രൊജക്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൈറ്റിന്റെ കൈവശമുള്ള ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനുള്ള നിര്‍ദേശം വന്നതായും ഇതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. കണക്ടിവിറ്റി ഇല്ലാത്ത 135 പട്ടികവര്‍ഗ കോളനികളില്‍ 27 സ്ഥലത്ത്് ഇതിനകം കണക്ടിവിറ്റി ലഭ്യമാക്കിയതായും അദ്ദേഹം അറിയിച്ചു.
ജലജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതിയിലെ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എം വിജിന്‍, അഡ്വ. സണ്ണി ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു. വേനല്‍ ആകുന്നതോടെ ജലക്ഷാമം രൂക്ഷമാകും. ഇത് മുന്നില്‍ കണ്ട് ഈ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഇവര്‍ പറഞ്ഞു. 2023-24 ലാണ് ജലജീവന്‍ മിഷന്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതിനനുസരിച്ച് വിവിധ ഘട്ടമായാണ് പ്രവൃത്തികള്‍ മുന്നോട്ടുപോകുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ജില്ലയിലെ കെഎസ്ആര്‍ടിസിയുടെ ഗ്രാമീണ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ടി ഐ മധുസൂദന്‍ ആവശ്യപ്പെട്ടു. കൊവിഡിനെ തുടര്‍ന്ന് പല സര്‍വ്വീസുകളും നിലച്ചിരിക്കുകയാണ്. വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഇവ ഉടന്‍ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ആദിവാസി കോളനികളിലെ സ്ഥിതി ജില്ലാ കലക്ടര്‍ നേരിട്ട് മനസ്സിലാക്കി ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയുടെ 70 കോടിയുടെ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍ദേശിച്ചു. പ്രവൃത്തി നടത്തിപ്പിന് കര്‍മപദ്ധതി തയ്യാറാക്കി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിന് നിര്‍മാണ ഏജന്‍സിയോട് നിര്‍ദേശിച്ചതായും ഇതിനനുസരിച്ച് പ്രവൃത്തി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കി. ജില്ലാ ആശുപത്രി പരിസരത്ത് പല കുടുംബങ്ങള്‍ക്കും ഡിഎസ്‌സിയുടെ നിരാക്ഷേപ പത്രം ഇല്ലെന്നതിന്റെ പേരില്‍ വീട് വെക്കാന്‍ അനുമതി ലഭിക്കാത്ത പ്രശ്‌നമുണ്ട്. ഇക്കാര്യത്തില്‍ കലക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ആവശ്യപ്പെട്ടു. എച്ച്‌ഐവി ബാധിതര്‍ക്കുള്ള പ്രതിമാസ ധനസഹായം അടിയന്തരമായി നല്‍കാന്‍ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തലശ്ശേരി കൊടുവളളി-വിമാനത്താവള നാലുവരിപ്പാതയുടെ വീതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ഇതിനനുസരിച്ചായിരിക്കും അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കുകയെന്നും കെആര്‍എഫ്ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ മുഖ്യമന്ത്രിയുടെ മണ്ഡലം ്രപതിനിധി പി ബാലനെ അറിയിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ, എക്‌സസൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ഡോ. വി ശിവദാസന്‍ എംപി, എംഎല്‍എ മാരായ ടി ഐ മധുസൂദനന്‍, അഡ്വ. സജീവ് ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം വിജിന്‍, അഡ്വ. സണ്ണി ജോസഫ്, കെ പി മോഹനന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, മുഖ്യന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, എഡിഎം കെ കെ ദിവാകരന്‍, എംപിമാരുടെ പ്രതിനിധികള്‍, ജില്ലാ തല ഉേദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.