കണ്ണൂർ ആറളം ഫാമിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ആറളം ഫാമില്‍ വിറക് ശേഖരിക്കാന്‍ പോയ യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. ആറളം ഫാമിലെ പത്താം ബ്ലോക്കിലെ രഘു (43) ആണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വിറക് ശേഖരിക്കാനായി പോയ ആദിവാസി യുവാവാണ് കൊല്ലപ്പെട്ടത്. ഒരു സംഘമായാണ് ഇവര്‍ വിറക് ശേഖരിക്കാനായി പോയത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുക ആയിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുവിനെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിനകം ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിലായി പന്ത്രണ്ട് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.


.