കുട്ടികളിൽ കോവാക്സിൻ ക്ലിനിക്കൽ ട്രയലിന് അനുമതി തേടി ഭാരത് ബയോടെക്

നാഗ്പുർ. കുട്ടികളിൽ കോവാക്സിൻ ക്ലിനിക്കൽ ട്രയലിന് അനുമതി തേടി വിദഗ്ധ സമിതി മുമ്പാകെ അപേക്ഷ നൽകുമെന്ന് ഭാരത് ബയോടെക് അറിയിച്ചു.രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനാരംഭിച്ച സാഹചര്യത്തിലാണ് പതിനെട്ട് വയസിന് താഴെയുളളവരിൽ കോവിഡ് വാക്സിൻ പരീക്ഷണം നടത്താൻ ഒരുങ്ങുന്നുത്.

പതിനാറ് വയസിന് തഴെയുള്ള കുട്ടികളിലെ വാക്സിൻ പരീക്ഷണത്തിന് പ്രവർത്തനരഹിതമായ വൈറസ് അടിസ്ഥാനമാക്കി നിർമിച്ച വാക്സിനുകൾ ഉപയോഗിക്കണമെന്ന് അന്താരാഷ്ട്രചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടുണ്ട്. ഇക്കാരണത്താൽ കോവാക്സിൻ മാത്രമാണ് കുട്ടികളിലെ പരീക്ഷണങ്ങൾക്ക് അർഹമായിട്ടുള്ളത്.

കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് കമ്പനിയ്ക്ക് കേന്ദ്രത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് ഫെബ്രുവരി അവസാനത്തോടെയോ മാർച്ച് ആദ്യമോ വാക്സിൻ പരീക്ഷണം ആരംഭിക്കും. മഹാരാഷ്ട്ര നാഗ്പുരിലെ കുട്ടികൾക്കായുള്ള ഒരു പ്രമുഖ ആശുപത്രിയിൽ വാക്സിൻ പരീക്ഷണത്തിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

2021 മേയ് മാസത്തോടെ പതിനെട്ട് വയസിന് താഴെയുള്ളവർക്കുള്ള വാക്സിൻ തയ്യാറാകുമെന്ന് ഭാരത് ബയോടെക്കിന്റെ മാനേജിങ് ഡയറക്ടർ കൃഷ്ണ എല്ല ജനുവരിയിൽ പ്രസ്താവിച്ചിരുന്നു. ഈ പ്രായവിഭാഗത്തിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നത് ലോകത്തിൽ ആദ്യമാണെന്ന് കുട്ടികളിലെ വാക്സിൻ പരീക്ഷണങ്ങളുടെ ഏകോപനം നിയന്ത്രിക്കുന്ന ഡോക്ടർ ആശിഷ് താജ്നെ അറിയിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ ഇത് ഒരു നിർണായകമായ പരീക്ഷണമായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യരിലെ വാക്സിൻ പരീക്ഷണങ്ങളുടെ I, II, III ഘട്ടങ്ങളിൽ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു നാഗ്പുരെന്നും കുട്ടികളിലെ വാക്സിൻ പരീക്ഷണം അത്യധികം പ്രാധാന്യമർഹിക്കുന്നതാണെന്നും ഡോക്ടർ ആശിഷ് താജ്നെ പറഞ്ഞു. 2-5, 6-12, 12-18 പ്രായവിഭാഗങ്ങളായി തിരിച്ച് നിശ്ചിത മാനദണ്ഡങ്ങളോടെയാണ് പരീക്ഷണങ്ങളെന്ന് ഡോക്ടർ താജ്നെ കൂട്ടിച്ചേർത്തു.