ചൂട് കൂടുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണം.. ജില്ലാ മെഡിക്കൽ ഓഫീസർ

കണ്ണൂർ ജില്ലയിൽ അന്തരീക്ഷ താപം കൂടുതൽ അനുഭവപ്പെട്ടതിനാൽ സൂര്യതാപം, സൂര്യാഘാതം, പകർച്ച വ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. നിർജ്ജലീകരണം തടയാൻ ഇടയ്ക്കിടക്ക് ശുദ്ധജലം കുടിക്കണം. ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പോലും അവഗണിക്കരുത്. സൂര്യാഘാതം ഏറ്റാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണം.

വളരെ ഉയർന്ന ശരീര താപം, വറ്റിവരണ്ട് ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക അവസ്ഥയിലുള്ള മാറ്റങ്ങൾ മുതൽ അബോധാവസ്ഥ വരെ ഉണ്ടാകാം. വെയിലേറ്റുള്ള ശരീര ശോഷണം, ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനം, ഛർദ്ദി, അസാധാരണമായി വിയർപ്പ്, കഠിന ദാഹം, മൂത്രത്തിന്റെ അളവ് വളരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ,

കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരുടെ ശരീരഭാഗം ചുവന്ന് തടിച്ച് വേദനയും പൊള്ളലും ഉണ്ടായാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം. പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടായാൽ അവ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. ആവശ്യമായ പ്രതിരോധ നടപടികൾ പൊതുജനങ്ങൾ സ്വീകരിക്കണം. രാവിലെ 11 മണി മുതൽ വൈകീട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.