ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ; 30ലക്ഷത്തിന്റെ വർധന

ന്യൂഡൽഹി: ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി യുഎൻ റിപ്പോർട്ട്. കഴിഞ്ഞവർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയർന്നതായി യുഎൻ പോപ്പുലേഷൻ റിപ്പോർട്ട് അനുമാനിക്കുന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യൻ ജനസംഖ്യയിൽ ഏകദേശം 30 ലക്ഷത്തിന്റെ വർധനയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 144.85 കോടിയായിരുന്നു ചൈനയുടെ ജനസംഖ്യ. ചൈനയുടെ ജനസംഖ്യയിൽ ഒരുവർഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

2022ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 140.66 കോടിയായിരുന്നു. ഇതാണ് ഒരു വർഷം കൊണ്ട് വർധിച്ചത്. പുതിയ ജനസംഖ്യ കണക്കിൽ 68 ശതമാനവും 15നും 64 നും ഇടയിൽ പ്രായമുള്ള തൊഴിലെടുക്കാൻ ശേഷിയുള്ളവരാണെന്നും കണക്ക് വ്യക്തമാക്കുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച് ജനനനിരക്ക് രണ്ടാണ്. ശരാശരി ആയുർദൈർഘ്യം പുരുഷന്മാർക്ക് 71 ഉം സ്ത്രീകൾക്ക് 74 ഉം ആണെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു. ലോകമൊട്ടാകെ ജനസംഖ്യ 800 കോടിയിൽ എത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.