തണ്ടര്‍ബേഡിന് പകരക്കാരന്‍, റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 അവതരിച്ചു


നീണ്ടനാളുകളുടെ കാത്തിരിപ്പിനൊടുവിൽ റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ മോഡലായ മീറ്റിയോർ 350 ഇന്ത്യയിൽ അവതരിപ്പിച്ചു. തണ്ടർബേഡ് എന്ന ജനപ്രീയ മോഡലിന് പകരക്കാരനായി എത്തുന്ന ഈ ബൈക്കിന് 1.75 ലക്ഷം മുതൽ 1.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.

റോയൽ എൻഫീൽഡിന്റെ യു.കെ ടെക് സെന്റർ ടീമും ഇന്ത്യയിലെ റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.

ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഈ വാഹനമെത്തുന്നത്.

ഇന്ത്യക്ക് പുറമെ, തായ്ലാൻഡ്, യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിപണികളിലും ഈ വാഹനം എത്തിക്കുന്നുണ്ട്.

കൂടുതൽ മെച്ചപ്പെട്ട പ്രകടനം നൽകുന്നതിനായി പ്രൈമറി ബാലൻസർ ഷാഫ്റ്റുള്ള 349 സിസി സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക് എസ്.ഒ.എച്ച്.സി എൻജിനാണ് മീറ്റിയോറിൽ പ്രവർത്തിക്കുന്നത്. ഇത് 20.2 ബി.എച്ച്.പി പവറും 27 എൻ.എം ടോർക്കുമേകും. അഞ്ച് സ്പീഡ് മാനുവലായിരിക്കും ഈ ബൈക്കിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.

അടിസ്ഥാന വേരിയന്റായ ഫയർബോൾ യെല്ലോ, റെഡ് എന്നീ രണ്ട് നിറങ്ങളിലും സ്റ്റെല്ലാർ മെറ്റാലിക് ഗ്ലോസ് ബ്ലു, മെറ്റാലിക് ഗ്ലോസ് റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും ഉയർന്ന വകഭേദമായ സൂപ്പർനോവ ബൗൺ-ബ്ലു ഡ്യുവൽ ടോൺ നിറങ്ങളിലുമാണ് നിരത്തുകളിലെത്തുക. മുന്നിൽ 41 എം.എം ടെലിസ്കോപിക് ഫോർക്കും പിന്നിൽ ട്വിൻ ട്യൂബ് ഷോക്ക് അബ്സോർബറുമാണ് സസ്പെൻഷൻ നൽകുന്നത്.

തണ്ടർബേഡിനെക്കാൾ ഉയർന്ന വീൽബേസ് ഉറപ്പുനൽകുന്ന മീറ്റിയോറിന് 191 കിലോഗ്രാമാണ് ഭാരം. ഡ്യുവൽ ചാനൽ എ.ബി.എസിനൊപ്പം ട്വിൻ പിസ്റ്റൺ ഫ്ളോട്ടിങ്ങ് കാലിപ്പേർസുള്ള 300 എം.എം ഡിസ്ക് മുന്നിലും 270 എം.എം ഡിസ്ക് പിന്നിലും ബ്രേക്കിങ്ങ് ഒരുക്കും. മുന്നിൽ 19 ഇഞ്ച് വലിപ്പമുള്ളതും പിന്നിൽ 17 ഇഞ്ച് വലിപ്പമുള്ളതുമായ ട്യൂബ്ലെസ് ടയറുകളാണ് നൽകിയിട്ടുള്ളത്.

ക്രോം ബെസൽ ആവരണം നൽകിയിട്ടുള്ള റൗണ്ട് ഹെഡ്ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോൾ ടാങ്ക്, സ്റ്റൈലിഷായുള്ള ഹാൻഡിൽ ബാർ, സ്റ്റെപ്പ് സീറ്റ്, ബ്ലാക്ക് എൻജിൻ കേസ്, എന്നിവയാണ് മീറ്റിയോറിന്റെ ഡിസൈൻ ഹൈലൈറ്റുകൾ.സെമി ഡിജിറ്റൽ ഡ്യുവൽ പോഡ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ട്രിപ്പർ നാവിഗേഷൻ ഫീച്ചറുകൾ മൂന്ന് വേരിയന്റിലും ഒരുങ്ങുന്നുണ്ട്.