തദ്ദേശ സ്ഥാപനങ്ങൾ ദുരന്ത നിവാരണ സേനകളെ സജ്ജമാക്കണം: ഡി പി സി

മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ദുരന്ത നിവാരണ സേനകളെ സജ്ജമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശിച്ചു. അടിയന്തര ഘട്ടങ്ങളിൽ ജനങ്ങൾക്ക് ബന്ധപ്പെടാൻ പഞ്ചായത്തിൽ ഒരു ഫോൺ സംവിധാനം ഏർപ്പെടുത്തണം. യുവജന ക്ഷേമ ബോർഡിന്റെ പഞ്ചായത്ത് കോ-ഓർഡിനേറ്ററെ ദുരന്തനിവാരണ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്താമെന്നും യോഗം അറിയിച്ചു.
പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാൻ ജനകീയ സംവിധാനം ഉണ്ടാകണം. അശാസ്ത്രീയമായ നിർമ്മിതികളാണ് വെള്ളം ഒഴുകിപ്പോകാതിരിക്കാനുള്ള പ്രധാന കാരണം. നിർമ്മാണ പ്രവൃത്തികൾക്ക് അനുമതി നൽകുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ഇത് പരിശോധിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. കുഞ്ഞിമംഗലം, കോളയാട്, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തുകളുടെ 2022-23 വാർഷിക പദ്ധതി യോഗം അംഗീകരിച്ചു.
ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, മേയർ അഡ്വ. ടി ഒ മോഹനൻ, മറ്റ് ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, എൻ പി ശ്രീധരൻ, വി ഗീത, കെ താഹിറ, ഇ വിജയൻ മാസ്റ്റർ, കെ വി ലളിത, ലിസി ജോസഫ്, ശ്രീന പ്രമോദ്, സർക്കാർ നോമിനി കെ വി ഗോവിന്ദൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.