നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പ്രോസിക്യൂഷൻ്റെ ക്രോസ് വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. കേസിൽ കാവ്യാ മാധവൻ 34-ാം സാക്ഷിയായിരുന്നു.

താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടന്ന വേദിയിൽ അക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഈ പ്രശ്നങ്ങൾക്ക് സാക്ഷിയായിരുന്നു കാവ്യാ മാധവനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്നാണ് കാവ്യയെ സാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചത്.

കേസിന്റെ വിചാരണ കുറച്ച് നാളത്തേക്ക് നിർത്തിവച്ചിരിക്കുകയായിരുന്നു. ഇന്നലെ വിസ്താരം ആരംഭിച്ചപ്പോൾ കാവ്യാ മാധവൻ എത്തിയിരുന്നു. എന്നാൽ കാവ്യ നൽകിയ ചില മറുപടികളാണ് ഇപ്പോൾ താരത്തെ കൂറുമാറിയതായി പ്രഖ്യാപിക്കാൻ പ്രോസിക്യൂഷനെ പ്രേരിപ്പിച്ചത്. കാവ്യയെ ക്രോസ് വിസ്താരത്തിന് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്.