നെയ്യാറ്റിന്‍കര സംഭവത്തില്‍ ;കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

കോടതി ഉത്തരവ് പ്രകാരം വസ്തു ഒഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും ഭാര്യയും മരിച്ച സംഭവത്തിൽ കുട്ടികൾക്ക് വീട് വെച്ച് നൽകാനുള്ള നിർദേശം മുഖ്യമന്ത്രി നൽകി. എത്രയുംവേഗം അതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അടക്കമുള്ള ചെലവുകൾ സർക്കാർ ഏറ്റെടുക്കും. സംരക്ഷണമടക്കമുള്ളവ ഇനി സർക്കാർ നോക്കും. സംഭവത്തിന്റെ സാഹചര്യം സർക്കാർ പരിശോധിക്കും. പോലീസ് നടപടിയിൽ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം സർക്കാർ പരിശോധിക്കും.

അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജൻ, ഭാര്യ അമ്പിളി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇരുവരും. രാജൻ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.

മക്കളായ രാഹുൽ പഠനശേഷം വർക്ക് ഷോപ്പിൽ ജോലിക്കായി പോകുകയാണ്. രഞ്ജിത്ത് പ്ലസ്ടു പഠനശേഷം വീട്ടിൽ നിൽക്കുകയാണ്.