പത്ത് വർഷത്തിനുശേഷം പഴശ്ശി കനാലുകൾ വെള്ളമൊഴുക്കാൻ സജ്ജമാകുന്നു – മെയ് അവസാനം ട്രയൽ റൺ

അഞ്ചരക്കണ്ടി :
പത്ത് വർഷത്തിനുശേഷം പഴശ്ശി പദ്ധതിയുടെ കനാലുകൾ വീണ്ടും വെള്ളമൊഴുക്കാൻ പൂർണ്ണ സജ്ജമാകുന്നു. 42 കിലോമീറ്റർ വരുന്ന മെയിൻ കനാൽ വഴിയും മാഹി ബ്രാഞ്ച് കനാൽ വഴിയും വെള്ളമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങി. മെയ് 31ന് ട്രയൽ റൺ നടത്താൻ കഴിയുന്ന വിധം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പഴശ്ശി പദ്ധതിയിൽ ചേർന്ന പ്ലാനിംങ്ങ് ബോർഡ് യോഗത്തിൽ തീരുമാനമായി.

2012ൽ കനത്ത മഴയിൽ പഴശ്ശിയുടെ ഷട്ടറുകൾ തുറക്കാൻ കഴിയാതെ ഉണ്ടായ പ്രളയത്തിൽ കനാലിന്റെ ഒരു ഭാഗം തകർന്നതോടെ ഇതുവഴി വെളളം ഒഴുക്ക് പൂർണ്ണമായും നിലച്ചിരുന്നു. കഴിഞ്ഞ മൂന്ന് ബജറ്റിലും പദ്ധതിയുടെ കനാൽ നവീക്കുന്നതിനായി 10 കോടി വീതം നീക്കിവെച്ചിരുന്നു. കഴിഞ്ഞ വർഷം പദ്ധതി പ്രദേശത്തു നിന്നും 5.5 കിലോമീറ്റർ കീച്ചേരി വരെ മെയിൻ കനാൽ വഴി വെള്ളം എത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ പ്രവർത്തനങ്ങളാണ് മെയിൻ കനാൽ വഴി പൂർണ്ണമായും വെള്ളം ഒഴുക്കാനുള്ള ഇപ്പോഴത്തെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി മാറിയത്.

മെയിൻ കനാൽ പറശ്ശിനിക്കടവ് അക്കഡേറ്റ് പാലം വരെ വെള്ളം എത്തിക്കാൻ കഴിയുന്നത് വൻ പ്രതീക്ഷയ്‌ക്കൊപ്പം എഴുതി തള്ളിയ പദ്ധതിയുടെ ഉയർത്തേഴുന്നേല്പ്പായും മാറും.
ഈ വർഷം ബജറ്റിൽ പദ്ധതിക്കായി പത്ത് കോടി അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് എടക്കാട് ബ്രാഞ്ച് കനാലിൽ 9 കിലോമീറ്ററും ആഴീക്കൽ ബ്രാഞ്ച് കനാലിൽ 12 കിലോമീറ്ററും വെള്ളം എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കും പ്ലാനിംങ്ങ് ബോർഡ് യോഗം രൂപം നൽകി.

പഴശ്ശി കനാൽ പുരനുദ്ധരിക്കുന്നതിനും പദ്ധതിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുന്നതിനുമായി പുതിയൊരു സബ് ഡിവിഷൻ കൂടി സർക്കാൻ അനുവദിച്ചിരുന്നു. ഇതിന്റെ പ്രവർത്തനങ്ങളും പ്ലാനിംങ്ങ് ബോർഡ് യോഗം അവലോകനം ചെയ്തു. കനാൽ വഴി വെളളം എത്തുന്നതോടെ കൈയേറ്റം ഉൾപ്പെടെ ഇല്ലാതാക്കാൻ കഴിയുമെന്നും തുടർ പ്രവർത്തനങ്ങൾക്ക് പ്രദേശ വാസികളുടെ പിൻതുണ ഉറപ്പാക്കാൻ കഴിയുമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

2026 ഓടെ പദ്ധതിയെ വീണ്ടും റീ കമ്മീഷൻ ചെയ്യാനുള്ള പ്രവർത്തനങ്ങൾക്കാണ് വേഗത കൈവന്നിരിക്കുന്നത്.
ജില്ലാ പ്ലാനിംങ്ങ് ഓഫീസർ കെ.പ്രകാശന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്ലാനിംങ് ബോർഡിന്റെ കാർഷിക വിഭാഗം ചീഫ് എസ്.എസ്. നാഗേഷ്, ചീഫ് എഞ്ചിനീയർ ഇറിഗേഷൻ പ്രൊജക്ടറ് വൺ ശിവദാസൻ, പ്രൊജക്ട് സർക്കിൾ കണ്ണൂർ സൂപ്രണ്ടിംങ്ങ് എഞ്ചിനീയർ സി.പി. മുരളീഷ്, പഴശ്ശി പ്രൊജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജൻ കാണിയേരി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ കെ. സന്തോഷ്, എ.നസീർ എന്നിവരും പങ്കെടുത്തു.

1979 ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ആണ് ഒരു ജലസേചന പദ്ധതി എന്ന നിലയിൽ പഴശ്ശി പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്‌ഘാടനം ചെയ്തത്. കുറച്ചു വർഷങ്ങൾ ഇതിലെ മെയിൻ കനാൽ വഴിയും മറ്റും വെള്ളമൊഴുക്കാൻ പദ്ധതിക്കായെങ്കിലും. തുടർ പ്രവർത്തനങ്ങളോ അതത് സമയങ്ങളിൽ അറ്റകുറ്റ പ്പണികളോ ചെയ്യാതെ പദ്ധതിയുടെ പ്രവർത്തനം താളം തെറ്റുന്ന അവസ്ഥയിലേക്ക് മാറി.

ഷട്ടറുകൾ തുരുമ്പെടുത്തതോടെ വലിയ ചോർച്ച ഉണ്ടാവുകയും ജലസംഭരണം താളം തെറ്റുകയും ചെയ്തു. ഒടുവിൽ രണ്ടായിരത്തി പന്ത്രണ്ടിൽ ഷട്ടർ തുറക്കാൻ കഴിയാതെ ഉണ്ടായ പ്രളയം പദ്ധതിയെ ആകെ തകർക്കുകയും ഉപേക്ഷിക്കേണ്ടി വരുമോ എന്ന അവസ്ഥവരെ ഉണ്ടായി.
എന്നാൽ നിരവധി ആക്ഷേപങ്ങളും വിമർശനങ്ങളും ഉയർന്നതോടെ അന്നത്തെ സർക്കാർ പഴശ്ശിയുടെ മുഴുവൻ ഷട്ടറുകളും പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും മറ്റ് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തതോടെ എല്ലാവരും എഴുതിത്തള്ളിയ പഴശ്ശി മാറുകയായിരുന്നു.

ജലസേചന പദ്ധതിയായിട്ടായിരുന്നു തുടക്കമെങ്കിലും ഇന്ന് കണ്ണൂർ ജില്ലക്കാകെ കുടിവെള്ളം നൽകുന്ന ജലദായിനിയാണ് പഴശ്ശി.
മെയിൻ കനാൽ വഴി വെള്ളമൊഴുകുന്നതോടെ പദ്ധതിയുടെ ഉയർത്തേഴുന്നേൽപ്പായി അത് മാറും. മുൻപ് പഴശ്ശിയെ ആശ്രയിച്ച് കൃഷിയിറക്കിയിരുന്ന പാടങ്ങളെല്ലാം ഇന്ന് തരിശുഭൂമിമായും കെട്ടിട സമുച്ഛയങ്ങളായും മാറിയെങ്കിലും മെയിൽ കനാലിൽ നിന്നും അവശേഷിക്കുന്ന കൈകനാലുകൾ വഴിയും വെള്ളം എത്തുന്നതോടെ ശേഷിക്കുന്ന പാടങ്ങളെ ഹരിതാഭമാകാൻ സാധിക്കും. മേഖലയിലെ കുടിവെള്ള പ്രശ്‌നങ്ങൾക്കും ഇത് ഏറെ പരിഹാരമാകും. പദ്ധതിയുടെ ഭാഗമായി 450തോളം കിലോമീറ്ററോളം കൈക്കനാലുകൾ ഉണ്ടെന്നതും പദ്ധതിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഉപയോഗ ശൂന്യമായിക്കിടന്ന കനാൽ ഭാഗങ്ങൾ നിരവധിയിടങ്ങളിൽ കയ്യേറ്റവും ഉണ്ടായിട്ടുണ്ട്. എന്നാൽ കനാൽ വഴി വെള്ളം എത്തിത്തുടങ്ങുന്നതോടെ നഷ്ടപ്പെട്ട ഇത്തരം ഭാഗങ്ങൾ തിരിച്ചു പിടിക്കാനും പദ്ധതി അധികൃതർക്കവും.