പീഡന പരാതി:എ കെ ശശീന്ദ്രനോട് രാജി ആവശ്യപ്പെട്ടില്ല

പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന വിവാദത്തില്‍ എ കെ ശശീന്ദ്രനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയെ വിളിച്ച് സമയം തേടിയ ശേഷം എ കെ ശശീന്ദ്രന്റെ ആവശ്യപ്രകാരമായിരുന്നു ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയുള്ള കൂടിക്കാഴ്ച.

വിവാദത്തിന് പിന്നാലെ ഇന്നലെതന്നെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ടത്. 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ പാര്‍ട്ടി വിഷയമാണെന്ന് കരുതിയാണ് താന്‍ ഇടപെട്ടതെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കി. അധികാര ദുര്‍വിനിയോഗമുണ്ടായിട്ടില്ലെന്നും പീഡന പരാതിയില്‍ പൊലീസിനോട് കേസെടുക്കേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടി നേതാവെന്ന നിലയില്‍ പെണ്‍കുട്ടിയുടെ പിതാവിനോട് സംസാരിക്കുകയായിരുന്നു എന്നാണ് വിശദീകരണം.