പ്രണയത്തിന്റെ പേരിലുള്ള കൊലപാതകം ഗൗരവതരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.

പ്രണയത്തിന്റെ പേരിലുള്ള കൊലപാതകം ഗൗരവതരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിതിനയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രതികരണം. പ്രണയക്കൊലകൾ വർധിക്കുന്ന സാഹചര്യത്തിൽ ക്യാമ്പസുകളിൽ ബോധവത്കരണ പരിപാടികൾക്ക് മന്ത്രി അടിയന്തര നിർദേശം നൽകി.

ഈ മാസം തന്നെ ബോധവത്കരണ ക്ലാസുകൾ നടത്തണമെന്നാണ് നിർദേശം. അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് മന്ത്രി ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങൾ സംബന്ധിച്ച് ക്ലാസുകൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു. ലിംഗ നീതിയെപ്പറ്റി വിശദമായ വിവരണം ഉൾപ്പെടുത്തണം. ഐസിസിയും ജൻഡർ ജസ്റ്റിസ് ഫോറങ്ങളും ഉപയോഗിക്കണമെന്നും ഐസിസി അംഗങ്ങളുടെ പേരു വിവരങ്ങൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.