ബംഗാൾ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു.

കൊല്‍ക്കത്ത: ബംഗാൾ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

കൊവിഡ് നെഗറ്റീവായതിന് പിന്നാലെ ആരോഗ്യനില മെച്ചപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ നില വീണ്ടും വഷളാവുകയായിരുന്നു.

വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ ഇഷ്ട നടന്‍മാരിലൊരാളാണ് സൗമിത്ര ചാറ്റര്‍ജി. സത്യജിത് റേയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. റേയുടെ ഇരുപതോളം ചിത്രങ്ങളില്‍ സൗമിത്ര ചാറ്റര്‍ജി അഭിനയിച്ചിട്ടുണ്ട്.

പ്രമുഖ സംവിധായകരായ മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്‍തിട്ടുണ്ട്. സൗമിത്ര ചാറ്റര്‍ജിയെ പത്മഭൂഷന്‍ പുരസ്‍കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്‍ക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരവും സൗമിത്ര ചാറ്റര്‍ജിക്ക് ലഭിച്ചിട്ടുണ്ട്.