ബോറിസ് ജോണ്‍സണ്‍ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥി

ന്യൂഡല്‍ഹി: 2021ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ്പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ചതായി യു കെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു.

അടുത്ത വര്‍ഷം ബ്രിട്ടണില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോറിസ് ജോണ്‍സണ്‍ ക്ഷണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് റാബ്‌ഇക്കാര്യം അറിയിച്ചത്.