മദ്യപിച്ചു വാഹനമോടിക്കല്ലേ…പിന്നാലെ പോലീസുണ്ട്

മദ്യപിച്ചു വാഹനമോടിക്കുന്നവർ സൂക്ഷിക്കുക. പിന്നാലെ പോലീസുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് വ്യാപകമായി നടത്തിയ പരിശോധനയിൽ ജില്ലയിൽ 598 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സിറ്റി പോലീസിന്റെ പരിധിയിൽ 296 കേസുകളും റൂറൽ പരിധിയിൽ 302 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. 338 പേരുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

സിറ്റി പോലീസ് പരിധിയിൽ 239 പേരുടെയും റൂറലിൽ 99 പേരുടെയും ലൈസൻസുകളാണ് റദ്ദ് ചെയ്യാനായി മോട്ടോർവാഹനവകുപ്പിനു കൈമാറിയിട്ടുള്ളത്. 239 പേരുടെ ലൈസൻസുകൾ കണ്ടുകെട്ടാനും നടപടി സ്വീകരിച്ചിട്ടുണ്ട്. രാത്രി ബാറുകൾക്കുമുന്നിൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും നീണ്ടനിരയാണ്. പലരും മദ്യപിച്ചിട്ടാണ് വാഹനമോടിക്കുന്നത്. പരിശോധന കർക്കശമാക്കിയാൽ കണക്കുകളും ഇരട്ടിയായേനേ. കഴിഞ്ഞ ഉത്രാടദിനത്തിൽ 1.05 കോടിയുടെയും പുതുവത്സരദിനത്തിൽ 68.48 ലക്ഷം രൂപയുടെയും മദ്യം വാങ്ങി മുന്നിലെത്തിയതും കൊല്ലത്തുകാരാണ്.

പിഴ വരും എസ്.എം.എസ്സായി

വാഹനപരിശോധന ഹൈടെക് ആയതോടെ ഉടമകൾ അറിയാതെതന്നെ നിയമലംഘനങ്ങൾക്കുള്ള പിഴ കുന്നുകൂടുന്നത് പതിവായിട്ടുണ്ട്. പരിശോധന ഡിജിറ്റൽ ആയതോടെ വാഹനം തടയുന്നത് കുറഞ്ഞു. അമിതവേഗമടക്കമുള്ള നിയമലംഘനങ്ങൾ വാഹനത്തിന്റെ ചിത്രം സഹിതം മോട്ടോർവാഹനവകുപ്പിന്റെ ക്യാമറയിൽ തെളിയും.

വകുപ്പിന്റെ വെബ്സൈറ്റിൽ ചിത്രവും സമയവും സഹിതമുള്ള വിവരങ്ങൾ ആർ.ടി. രേഖകൾക്കൊപ്പം രേഖപ്പെടുത്തും. പിഴ വന്നത് അറിയാതെപോയാൽ മോട്ടോർവാഹനവകുപ്പിന്റെ സേവനങ്ങൾക്കായി ഉടമയെത്തുമ്പോഴാകും തുക ഒരുമിച്ച് അടയ്ക്കേണ്ടിവരിക. മോട്ടോർവാഹനനിയമപ്രകാരം വലിയ തുകയാണ് പിഴയിനത്തിൽ ഈടാക്കുന്നത്.

പിഴത്തുകകൾ മറക്കണ്ട

അപകടകരമായി ഓടിച്ചാൽ 2000 രൂപ
ശബ്ദമലിനീകരണം 2000 രൂപ
മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ
ലൈസൻസ് ഇല്ലാതെ ഓടിച്ചാൽ 5000 രൂപ
അമിതവേഗം എൽ.എം.വി 1500 രൂപ
മീഡിയം ഹെവി വാഹനങ്ങൾ 3000 രൂപ
സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 500 രൂപഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ ആളുകൾ 1000 രൂപ