മലയില്‍ കുടുങ്ങിയ ബാബുവിന് അരികിലെത്തി വെള്ളവും ഭക്ഷണവും നൽകി സൈനികൻ.

പാലക്കാട്:മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന് അരികിലെത്തി വെള്ളവും ഭക്ഷണവും നൽകി സൈനികൻ. രണ്ട് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർക്ക് ബാബുവിന്റെ അരികിലെത്താൻ കഴിഞ്ഞത്. രാത്രി മലകയറിയ ദൗത്യസംഘാംഗങ്ങളാണ് ബാബുവിന്റെ അരികിലേക്ക് എത്തിച്ചേർന്നത്.

ബാബുവിനെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ചു രക്ഷിക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.കരസേനയുടെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു സംഘം മലയുടെ മുകളിൽ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്ന് പകലോടെ യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും രക്ഷാപ്രവർത്തനത്തിന് തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.