മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് കണ്ണൂരിന്റെ ഹൃദയസ്പര്‍ശം പദ്ധതി

കണ്ണൂര്‍ ഡിടിപിസിയും, ജില്ലാ കുടുംബശ്രീ മിഷനും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ‘കണ്ണൂരിന്റെ ഹൃദയ സ്പര്‍ശം’ എന്ന പേരിലുള്ള ക്യാമ്പയിന്‍ വഴി രണ്ട് കോടി രൂപ സംഭാവന സ്വരൂപിക്കുന്നു. 18-45 പ്രായവിഭാഗത്തിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ പരിപാടിയിലേക്കുള്ള പങ്കാളിത്തമായാണ് ക്യാമ്പയിന്‍. ഒരു കോടി രൂപ ഡിടിപിസി തനത് ഫണ്ടില്‍ നിന്നും, ഇരുപത്തഞ്ച് ലക്ഷം രൂപ കുടുംബശ്രീ വഴി ഒരു കുടുംബത്തില്‍ നിന്ന് മിനിമം പത്ത് രൂപ വീതം ശേഖരിച്ചും, എഴുപത്തഞ്ച് ലക്ഷം രൂപ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും, കണ്ടെത്താനുമാണ് ലക്ഷ്യം.

പരമാവധി വേഗത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള സര്‍ക്കാരിന്റെ പരിശ്രമത്തില്‍ കണ്ണിചേരുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ടൂറിസം അടക്കമുള്ള മേഖലയെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമകരമായ ദൗത്യത്തിന്റെ ഭാഗം കൂടിയാണ് ഈ വാക്‌സിന്‍ ചലഞ്ച്. കലാ-സാംസ്‌കാരിക മേഖലയിലെ പ്രശസ്തരെയടക്കം ഉള്‍പ്പെടുത്തിവാക്‌സിന്‍ ചലഞ്ചിനായി പ്രചാരണങ്ങള്‍ നടത്തും. മറ്റു സംഘടനകളുടെ സഹകരണവും തേടും.