മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അദാനിയുമായുള്ള വൈദ്യുതി കരാര്‍ ഉറപ്പിച്ചത്; രമേശ് ചെന്നിത്തല

ആലപ്പുഴ: അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോര്‍ഡ് മറ്റൊരു കരാര്‍ കൂടി ഒപ്പിട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെബ്രുവരിയില്‍ ചേര്‍ന്ന കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണിത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാര്‍ ഉറപ്പിച്ചതെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയുമായി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് 2019 സെപ്റ്റംബറിലും ജൂണിലും ഒപ്പുവച്ച കരാര്‍ സംസ്ഥാനത്തെ ജനങ്ങളെ പോക്കറ്റടിക്കാന്‍ അദാനിക്ക് വഴിതുറക്കുകയാണ് ചെയ്തത്.

യൂണിറ്റ് ഒന്നിന് രണ്ട് രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതിയും ഒരു രൂപ നിരക്കില്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിയും ലഭ്യമായിരിക്കെ അദാനിയില്‍ നിന്ന് 2.82 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട ആവശ്യമെന്താണ്. അദാനിക്ക് 1000 കോടി രൂപ കിട്ടുമ്പോള്‍ മുഖ്യമന്ത്രിക്ക് എത്ര കമ്മീഷന്‍ കിട്ടി എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.