ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വിതരണം സമയബന്ധിതമായി നടത്തണം: ഡിപിസി

പട്ടികജാതി ഫണ്ട് വിനിയോഗം നൂറ് ശതമാനമാക്കും

ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് തുക പൂര്‍ണമായി സമയബന്ധിതമായി നല്‍കുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ ഫണ്ട് വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ബത്ത എന്നിവ വിതരണം ചെയ്യുന്നതിന് മതിയായ തുക നിര്‍ബന്ധമായും വകയിരുത്തണം. ചില തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമായ പണം വകയിരുത്തുന്നില്ലെന്ന പരാതി ഉള്ളതായും ഇത് പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ അര്‍ഹമായ തുക പൂര്‍ണമായി സമയബന്ധിതമായി തന്നെ വിതരണം ചെയ്യുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാവുന്ന ഒരു സ്ഥലം നിര്‍ദേശിക്കണമെന്ന് വിനോദ സഞ്ചാര വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ ബാക്കിയുള്ള തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തരമായി വിവരം നല്‍കണം.
എല്ലാ തദ്ദേശസ്ഥാപനങ്ങളും അറവ് മാലിന്യം കൃത്യമായി ശാസ്ത്രീയ മാര്‍ഗത്തില്‍ സംസ്‌ക്കരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിന് ജില്ലയില്‍ നിലവിലുള്ള പ്ലാന്റുകളുമായി കരാറിലേര്‍പ്പെട്ട് ആവശ്യമായ നടപടി കൈക്കൊളളണം. ജില്ലയില്‍ അറവ് മാലിന്യ സംസ്‌ക്കരണം നടത്തുന്ന രണ്ട് പ്ലാന്റാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ സാധ്യത പ്രയോജനപ്പെടുത്തി അറവ് മാലിന്യസംസ്‌ക്കരണം കാര്യക്ഷമമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
ജില്ലയിലെ പട്ടികജാതി മേഖലയിലെ പദ്ധതി ഫണ്ട് വിനിയോഗം നൂറ് ശതമാനമാനമാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി അടുത്ത മാസം മുതല്‍ ബ്ലോക്ക് തലത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ പങ്കെടുത്ത് പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യും. വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പട്ടികജാതി ്രെപാജക്ടുകളുടെ സാധ്യത റിപ്പോര്‍ട്ട് നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുള്ള ഇടപെടലിന് ജില്ലാ പട്ടിക ജാതി വികസന ഓഫീസറെ യോഗം ചുമതലപ്പെടുത്തി.
യോഗത്തില്‍ എംഎല്‍എമാരായ കെ പി മോഹനന്‍, അഡ്വ. സജീവ് ജോസഫ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.