സര്‍ക്കാര്‍ ആശുപത്രികളിൽ കോവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള ചികില്‍സയ്ക്ക് ഇനി പണം നല്‍കണം. കോവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. എപിഎല്‍ വിഭാഗത്തിലുള്ളവരില്‍ നിന്ന് ചികിത്സയ്ക്ക് പണം ഈടാക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. പോസ്റ്റ് കോവിഡ് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐസിയു വെന്റിലേറ്ററില്‍ 2000 രൂപ, എച്ച്‌ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുക. ആരോഗ്യ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്

രജിസ്‌ട്രേഷന്‍, കിടക്ക, നഴ്‌സിങ് ചാര്‍ജ്, മരുന്ന് എന്നിവ ഉള്‍പ്പെടെ എന്‍എബിഎച്ച്‌. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ 2645 ആയിരിക്കും നിരക്ക്.

ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റില്‍ 1250, ഐ.സി.യു1500, വെന്റിലേറ്റര്‍ ഉള്ള ഐ.സി.യു.വിന് 2000 രൂപ എന്നിങ്ങനെയും ഈടാക്കാമെന്നും ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. കോവിഡനന്തര രോഗലക്ഷണങ്ങള്‍, കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം, ശ്വാസകോശ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്കും ചികിത്സയ്ക്കും ഒരേ നിരക്കാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ന്നും സൗജന്യചികിത്സ ലഭ്യമാകും. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഉള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ഒരുക്കിയിരിക്കുന്നത്. കോവിഡ് ഭേദമായവര്‍ എല്ലാ മാസവും ക്ലിനിക്കല്‍ എത്തി പരിശോധന നടത്തണം. ഇവരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളവരെ കോവിഡ് ആശുപത്രികളില്‍ ചികിത്സ നല്‍കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശം.